X

ഐ.എസ് ബന്ധമെന്ന് സംശയം: സഹോദരങ്ങള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. സഹോദരന്മാരായ വസിം രമോദിയ, നയീം രമോദിയ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രാജ്‌കോട്ട്, ഭവ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാജ്‌കോട്ടിലെ നഹേരുനഗര്‍ സ്വദേശികളായ ഇരുവരും ചേര്‍ന്ന് സൗരാഷ്ട്രയിലെ ക്ഷേത്രത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും ക്രൈം ബ്രാഞ്ച് മേധാവി ഐ.കെ ഭട്ട് വ്യക്തമാക്കി. ഇവരില്‍നിന്ന് ബോംബ് നിര്‍മാണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കളും മുഖംമൂടികളും കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പ്രസിദ്ധീകരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായും ഐ.കെ ഭട്ട് അവകാശപ്പെട്ടു. ഐ.എസ് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനാല്‍ രണ്ടു വര്‍ഷത്തോളമായി വസിമും നയീമും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികളായ ഇവര്‍ ഐ.എസുമായി ബന്ധം പുലര്‍ത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പിതാവ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയാണ്. സമൂഹ മാധ്യമങ്ങളില്‍ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിപ്പിക്കുന്ന 12 ഓളം യുവാക്കള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്.

chandrika: