X

വെടിവെച്ചത് പോയന്റ് ബ്ലാങ്കിലെന്ന നിഗമനം ബലപ്പെടുന്നു

സി.ജമാല്‍
നിലമ്പൂര്‍: കരുളായി വനം റെയ്ഞ്ചില്‍പ്പെട്ട പടുക്ക സ്‌റ്റേഷന്‍ പരിധിയില്‍ ഉണക്കപ്പാറയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത് പോയന്റ് ബ്ലാങ്ക് പരിധിയില്‍ നിന്നുള്ള വെടിയേറ്റാണെന്ന നിഗമനം ബലപ്പെടുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സംഭവ ദിവസം ഒരു കിലോമീറ്റര്‍ ചുറ്റളവിലുണ്ടായിരുന്ന ആദിവാസികളും വനം വകുപ്പ് ജീവനക്കാരും ഇത് സാക്ഷ്യപ്പെടുത്തുകയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയും ഡി.വി.എസ്.പിയും മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചതിന് വിഭിന്നമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള സൂചനകള്‍. ഇതുവരെ ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ 26 മുറിവുകളാണുള്ളതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ നിന്ന് 12 വെടിയുണ്ടകള്‍ പുറത്തെടുത്തതായും ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. കുപ്പു ദേവവരാജിന്റെ ശരീരത്തില്‍ ഏഴ് മുറിവുകളാണുള്ളത്. മൂന്നെണ്ണം ശരീരം തുളച്ചു പോയിരുന്നു. നാലെണ്ണം ശരീരത്തിലുണ്ടായിരുന്നു. അജിതക്ക് പത്തൊമ്പത് വെടിയുണ്ടയേറ്റു. ശരീരത്തില്‍ നിന്നു കിട്ടിയത് അഞ്ചെണ്ണം മാത്രം. പതിനാല് തിരകള്‍ ദേഹം തുളച്ചു പുറത്തു പോയി. ശരീരത്തിന്റെ മുന്‍ഭാഗത്താണ് വെടിയേറ്റത്. പല അകലങ്ങളില്‍ നിന്ന് പോലീസുകാര്‍ വെടിവെച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നത്. മാവോയിസ്റ്റ് നേതാക്കളും പൊലീസും 30 മീറ്റര്‍ അകലത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാരുടെ നിഗമനം. മര്‍ദ്ദനത്തിന്റെയോ മല്‍പ്പിടുത്തത്തിന്റെയോ ലക്ഷണമില്ല. എന്നാല്‍ ചിലത് വളരെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിനാലാണ് ശരീരം തുളച്ചുപോയത് എന്നാണ് നിഗമനം.

chandrika: