മലപ്പുറം: കോണ്ടിനെന്റല്‍ കപ്പിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ടു മലയാളി താരങ്ങള്‍ ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയത്. ഐ.എസ്.എല്‍, ഐ.ലീഗ് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരങ്ങള്‍ സാധ്യതാ ടീമില്‍ അവസരം ലഭിക്കാന്‍ കാരണമായത.് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ ആണ് സാധ്യതാടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 16 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുന്ന ക്യാപില്‍ നിന്നാകും ടീമിനെ തിരഞ്ഞെടുക്കുക.
ഐ.എസ്.എല്ലില്‍ പൂനൈ സിറ്റിക്കായി മധ്യനിരയില്‍ പുറത്തെടുത്ത മികവാണ് യുവതാരം ആഷിഖ് കരുണിയന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. മോഹന്‍ ബഗാനും ജംഷഡ്പൂരിനുമായി പ്രതിരോധത്തില്‍ തിളങ്ങിയ അനസ് തൊടികയുടെ അനുഭവ സമ്പത്തും ടീമിനു ഗുണകരമാവുമെന്ന പ്രതീക്ഷയും പരിശീലകനുണ്ട്.
മുംബൈയില്‍ നടക്കുന്ന ക്യാമ്പിന് ശേഷമാണ് കോണ്ടിനെന്റല്‍ കപ്പിനായുള്ള ദേശീയ ടീമിനെ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കെനിയ, ചൈനീസ് തായ്‌പേയ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക