X

ലോകം സ്‌നേഹിച്ച രണ്ടക്ഷരം- എഡിറ്റോറിയല്‍

ബ്രസീല്‍ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തിന് ആഗോള പ്രസിദ്ധി ലഭിച്ചത് ഫുട്‌ബോളിലൂടെയാണ്. ആ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ വിലാസമായും പിന്നെ ആഗോള ഫുട്‌ബോളിന്റെ ബ്രാന്‍ഡായും ജനമനസുകളില്‍ നിറഞ്ഞ പെലെ വിടവാങ്ങുമ്പോള്‍ അത് ലോകത്തിന്റെ വേദനയാണ്. അദ്ദേഹം ബ്രസീലിന്റെ സ്വകാര്യ സ്വത്തായിരുന്നില്ല. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ മനസുകളിലെ സന്തോഷവും സ്‌നേഹവുമായിരുന്നു. മൂന്ന് തവണ ബ്രസീല്‍ എന്ന രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച താരമെന്നത് അദ്ദേഹത്തിനോളം ഉയരത്തില്‍ നില്‍ക്കുന്ന റെക്കോര്‍ഡാണെങ്കിലും പെലെ എന്ന രണ്ടക്ഷരത്തിന്റെ കരുത്ത് മൈതാനത്ത് അദ്ദേഹം പ്രകടിപ്പിച്ച വ്യക്തിഗത മികവ് തന്നെയാണ്.

1930 മുതല്‍ ലോകത്തിന് സുപരിചിതമാണ് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കാല്‍പ്പന്ത് മാമാങ്കം. ഖത്തറില്‍ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് അധ്യായം നടക്കുമ്പോള്‍ ബ്രസീല്‍ മല്‍സരിക്കുന്ന ഒരു വേളയില്‍ ഗ്യാലറിയില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു-രാജാവേ കരുത്തനായി തിരികെ വരൂ… രോഗ ശയ്യയില്‍ കിടക്കുന്ന പെലെക്ക് ആശംസകള്‍ നേര്‍ന്ന ആ ജനകീയ ബാനര്‍ ഗ്യാലറിയില്‍ ഉയര്‍ത്തിയത് ബ്രസീലുകാര്‍ മാത്രമായിരുന്നില്ല-കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുമായിരുന്നു. പഴയ തലമുറക്ക് മാത്രമായിരുന്നില്ല അദ്ദേഹം പ്രിയങ്കരനെന്നതിന് തെളിവുമായി ആ ബാനര്‍. പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്‌നേഹിക്കുന്നു. ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്‍ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.

പെലെയിലുടെ ബ്രസീല്‍ കരുത്തരായി മാറിയപ്പോള്‍ അയല്‍ രാജ്യമായ അര്‍ജന്റീനയും കാല്‍പ്പന്ത് വേദികളില്‍ മികവ് തെളിയിക്കാന്‍ തുടങ്ങി. രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള കാല്‍പ്പന്ത് പോരിന് ആഗോള സമ്മതി ലഭിച്ചു. പെലെക്ക് തുല്യനായി അര്‍ജന്റീനക്കാര്‍ ഡിയാഗോ മറഡോണയെ ഉയര്‍ത്തിക്കാട്ടി. 1986 ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ മറഡോണ മാജിക്കില്‍ അര്‍ജന്റീന കപ്പ് സ്വന്തമാക്കിയപ്പോള്‍ പെലെക്ക് തുല്യനായി ചിലര്‍ മറഡോണയെ ഉയര്‍ത്തിക്കാട്ടി. ദീര്‍ഘകാലം ഇവരായിരുന്നു കാല്‍പ്പന്ത് മൈതാനത്തെ മെഗാ താരങ്ങള്‍.

പെലെ ബ്രസീലിയന്‍ രാഷ്ട്രീയത്തിലും കരുത്തനായി മാറി. അദ്ദേഹം കായിക മന്ത്രി പദവിയില്‍ വരെയെത്തിയപ്പോഴും ഫിഫ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ഭരണകൂടങ്ങള്‍ക്ക് അദ്ദേഹം ആഗോള രാജാവ് തന്നെയായിരുന്നു. പെലെയിലെ സവിശേഷതകള്‍ തേടിയവര്‍ക്ക് മുന്നില്‍ അദ്ദേഹം ഗോള്‍ വേട്ടക്കാരന്‍ മാത്രമായിരുന്നില്ല- ഒരു ജനതയെ ഒന്നിപ്പിച്ച വലിയ വികാരമായിരുന്നു. ബ്രസീല്‍ സാമ്പത്തികമായി കരുത്തരായിരുന്നില്ല-അന്നും ഇന്നും. പക്ഷേ ആ രാജ്യത്തിന്റെ ഐക്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഫുട്‌ബോളിന് ജീവന്‍ നല്‍കിയത് മറ്റാരുമായിരുന്നില്ല. പെലെയുണ്ടെങ്കില്‍ കളി കാണാന്‍ ജനം ഒഴുകിയെത്തുന്ന കാലം ബ്രസീലില്‍ മാത്രമുള്ള പ്രതിഭാസമായിരുന്നില്ല.

ചെറിയ പ്രായത്തില്‍ യാതനകളോട് മല്ലിട്ട് ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആത്മവിശ്വാസത്തെ ആയുധമാക്കിയ എഡ്‌സണ്‍ അരാന്റസ് ഡി നാസിമെന്‍ഡോ എത്ര ഗോളുകള്‍ പ്രതിയോഗികളുടെ വലയില്‍ നിക്ഷേപിച്ചു എന്നതിന് കണക്കില്ല. ഇന്നത്തെ ഫുട്‌ബോള്‍ സാങ്കേതികമാണ്. ഖത്തര്‍ ലോകകപ്പില്‍ മെസി എത്ര പാസുകള്‍ ഏഴ് മല്‍സരങ്ങളില്‍നിന്ന് നല്‍കി എന്നതിന് ആധികാരിക തെളിവും വീഡിയോകളുമുണ്ടെങ്കില്‍ പെലെ വിരാജിച്ച അറുപതുകളിലും എഴുപതുകളിലും സാങ്കേതികത ഇത്രമാത്രം വികസിച്ചിരുന്നില്ല. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹം 541 ഗോളുകളാണ് നേടിയതെന്ന് പറയപ്പെടുന്നു. കരിയറില്‍ ആകെ 1363 മല്‍സരങ്ങളില്‍ നിന്നായി 1279 ഗോളുകള്‍. കാല്‍പ്പന്ത് ലോകത്തെ സകല റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ച താരം. പതിനഞ്ചാംവയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടങ്ങി പതിനാറാം വയസില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ലോകകപ്പില്‍ പന്ത് തട്ടിയ ഇതിഹാസം. ദീര്‍ഘകാലം ആഗോള ഫുട്‌ബോളില്‍ നിറഞ്ഞ താരം. കളം വിട്ടിട്ടും കളിയുടെ ആഗോള അംബാസിഡറായി ലോകത്തോളം ഉയര്‍ന്ന പെലെ. ആ രണ്ടക്ഷരം കാല്‍പ്പന്ത് കാലത്തോളം ലോകം മറക്കില്ല. ആ വിയോഗ വേദനയില്‍ ഞങ്ങളും പങ്ക് ചേരുന്നു.

webdesk13: