X

കുഴല്‍മന്ദത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്‌: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി. സി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. കഴിഞ്ഞ ദിവസം ഡ്രൈവറെ ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍ ഔസേപ്പിനെതിരെയായിരുന്നു നടപടി. ഈ മാസം 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സര്‍വീസ് നടത്തിയ ബസാണ് കുഴല്‍മന്ദം വെള്ളപ്പാറ സംഗമം ഹോട്ടലിന് സമീപം അപകടമുണ്ടാക്കിയത്. കോയമ്പത്തൂരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന യുവാക്കളാണ് മരിച്ചത്.

ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പിറകില്‍വന്ന കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞ വീഡിയോ പരിശോധിച്ചതിലാണ് യഥാര്‍ത്ഥ കാരണം വ്യക്തമായത്. ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും ലോറിയെ മറികടക്കാനായി കെ.എസ്.ആര്‍.ടി.സി ബസ് വലതുവശത്തേക്ക് വരുന്നതും ഇരുവാഹനങ്ങള്‍ക്കിടയിലും അകപ്പെട്ട ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

Test User: