മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്ലായ ന്യൂസ് അക്വി അഹോറ എന്ന ഓണ്‍ലൈന്‍ ന്യൂസ് സൈറ്റിന്റെ മേധാവി റൂബന്‍ പാറ്റ് കെയ്ക്കും പ്രമുഖ വാര്‍ത്താ അവതാരകന്‍ ലൂയിസ് പരേസ് ഗാര്‍ഷ്യയുമാണ് കൊല്ലപ്പെട്ടത്. ഇതോടെ മെക്‌സിക്കോയില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം എട്ടായി. ക്വിന്റാന റൂ സ്റ്റേറ്റിലെ സുഖവാസ കേന്ദ്രത്തിലാണ് പാറ്റ് കെയ്ക്ക് കൊല്ലപ്പെട്ടത്. രാവിലെ ആറ് മണിക്ക് ഒരു ബാറിന് പുറത്ത് നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന പ്ലായ ന്യൂസിന്റെ രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പാറ്റ് കെയ്ക്ക്. ക്രിമിനല്‍ സംഘങ്ങളുമായി പൊലീസിനുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ട് ജേണലിസ്റ്റ് പറയുന്നു. ജൂണില്‍ പാറ്റ് കെയ്ക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ സംരക്ഷണമുണ്ടായിരുന്ന പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. സമീപ കാലത്ത് ക്വിന്റാന റൂ സ്റ്റേറ്റില്‍ അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എണ്‍പതുകാരനായ പരേസ് ഗാര്‍ഷ്യയുടെ വീടിന് അക്രമികള്‍ തീവെക്കുകയായിരുന്നു. ഗാര്‍ഷ്യയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെച്ചതാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യമാണ് മെക്‌സിക്കോ. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പെസ് ഒബ്രാഡര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 11 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.