X

ദലിതര്‍ക്ക് നേരെയുള്ള ആക്രമണം; രണ്ടു ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ കേസ്

മുംബൈ: പൂണെയില്‍ നടന്ന കൊരെഗാവ് 200ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ ദലിരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ കേസ്. സമാസ്ത് ഹിന്ദു അംഗാഡിയുടെ മിലിന്ദ് ബിഡെ, ശിവ പ്രതിഷ്തന്‍ ഹിന്ദുസ്ഥാനിന്റെ സംഭാജി ബിഡെ എന്നിവരെയാണ് കേസെടുത്ത് അറസ്റ്റുചെയ്തത്.

അക്രമം സൃഷ്ടിക്കാന്‍ ഇവര്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്ന് ചൊവ്വാഴ്ച ദലിത്‌
നേതാവും ഭാരതീയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബഹുജന്‍ മഹാസംഘ് പ്രസിന്റുമായ പ്രകാശ് അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ദളിത് നേതാക്കള്‍ ആരോപിച്ചിരുന്നു.

അതേ സമയം അക്രമത്തില്‍ പ്രതിഷേധിച്ച് ദിലിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുകയാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രത്യേക പരിശീലനം നേടിയ സൈന്യത്തെ സംസ്ഥാനത്തുടനീളം വിന്യസിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലും മറ്റും അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ഗതാഗതസംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ എട്ടുനഗരങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

chandrika: