ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഹരിയാന സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
വധശ്രമത്തിന് പിന്നില്‍ ഇവര്‍ തന്നെയാണോ എന്നും ഇതിന് പിന്നിലെ ലക്ഷ്യവും ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് സമീപത്തുവെച്ച് ഉമര്‍ ഖാലിദിന് നേരെ വധശ്രമം നടന്നത്. തന്നെ വധിക്കാന്‍ ശ്രമിച്ചയാള്‍ സ്വകാര്യ ടി.വി ചാനലായ സുദര്‍ശന്‍ ന്യൂസ് ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ഛവാങ്കെയോടൊപ്പം നില്‍ക്കുന്നു എന്ന കുറിപ്പോടെ ഉമര്‍ ഖാലിദ് ട്വീറ്റ് ചെയ്ത ചിത്രം ഏറെ ചര്‍ച്ചയായിരുന്നു.