മദ്യവില്പന എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവര്‍ ആണ് മരിച്ചത്. അനധികൃതമായി മദ്യം വില്‍ക്കുന്ന സംഘവുമായി വിദ്യാര്‍ത്ഥികള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.
അതേസമയം പ്രതികളില്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. അനധികൃത മദ്യവില്‍പ്പനെയെ പറ്റി പൊലീസില്‍ വിവരം നല്‍കി എന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോര്‍ത്ത് റോഡ് പ്രദേശത്ത് രാജ്കുമാര്‍, തങ്കദുരൈ, മൂവേന്തന്‍ എന്നിവര്‍ മദ്യ വില്‍പന നടത്തിയിരുന്നു.
എന്നാല്‍ മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെയും മദ്യവില്‍പ്പനക്കാര്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടയച്ചു.