X

സിക്കിമിലെ പ്രളയത്തില്‍ ഒഴുകിയെത്തിയ ഷെല്‍ പൊട്ടിത്തെറിച്ച് ബംഗാളില്‍ രണ്ടു മരണം

ജല്‍പായ്ഗുരി: സിക്കിമിലെ പ്രളയത്തില്‍ ഒഴുകിയെത്തിയ സൈന്യത്തിന്റെ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാളില്‍ രണ്ടു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ജല്‍പായ്ഗുരി ജില്ലയിലെ ക്രാന്തി ബ്ലോക്കിലെ ചപദംഗ ഗ്രാമത്തിലാണ് സംഭവം. ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോര്‍ട്ടാര്‍ ഷെല്‍ ആക്രിക്കിടയില്‍ പ്രദേശവാസി വീട്ടിലേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇത് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സിക്കിം പ്രളയത്തില്‍ സൈനിക കേന്ദ്രത്തില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുമാണ് ഒഴുകിപ്പോയത്. നദികളിലൂടെ ഒഴുകിയെത്തുന്ന തോക്കുകളോ സ്‌ഫോടക വസ്തുക്കളോ ജനങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അപരിചിതമായ വസ്തുക്കളോ, പെട്ടികളോ, പൊതികളോ, തോക്കുകളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഒഴുകിയെത്തുന്നത് കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്.ടീസ്ത നദീതടത്തില്‍ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ചെളി നിറഞ്ഞ വെള്ളത്തിനടിയില്‍ കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സിക്കിം സര്‍ക്കാരും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 40 ആയി. ടീസ്ത നദിയില്‍ നിന്ന് ഇന്നലെ 22 മൃതദേഹങ്ങള്‍ കണ്ടെത്തി. ബുര്‍ദാങ് മേഖലയില്‍നിന്ന് കാണാതായ 23 സൈനികരില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാളെ രക്ഷിക്കാനായിട്ടുണ്ട്. കാണാതായ 15 ജവാന്മാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ബുധനാഴ്ച മുതല്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തില്‍ 2,400 ഓളം പേരെ രക്ഷപ്പെടുത്തുകയും പരിക്കേറ്റ 26 പേരെ ആശുപത്രികളിലേക്കു മാറ്റുകയും ചെയ്തു. സൈന്യത്തിന്റെയും എയര്‍ഫോഴ്‌സിന്റെയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ആളുകളെ ദുരിതബാധിത പ്രദേശത്തുനിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ചീഫ് സെക്രട്ടറി വിനയ് ഭൂഷന്‍ പതക് പറഞ്ഞു.

മഴയും മിന്നല്‍പ്രളയവും സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാംപുകളിലായി 6,000 പേരാണു കഴിയുന്നത്. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. ഈമാസം 15വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10 പലയിടങ്ങളിലും ഒലിച്ചുപോയതോടെ, സംസ്ഥാനവുമായി കരമാര്‍ഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ചുങ്താങ്ങില്‍ തുരങ്കത്തില്‍ 14 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കുന്നതിനായി ദേശീയദുരന്ത നിവാരണ സേനയുടെ സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് ബുധനാഴ്ച പുലര്‍ച്ചയോടെ മിന്നല്‍ പ്രളയത്തിലേക്ക് നയിച്ചത്. ഇതിനുപിന്നാലെ ചുങ്താങ് അണക്കെട്ടും ജലവൈദ്യുതിനിലയവും തകര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു.

webdesk11: