X
    Categories: indiaNews

രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം; അനുശോചിച്ച് പ്രമുഖര്‍

ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്‌കാരം.നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

ലതാ മങ്കേഷ്‌കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു- ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ധീര വനിതയെയാണ് നഷ്ടമായത്. ലതാ ദീദിയില്‍ നിന്ന് എനിക്ക് എല്ലായ്‌പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ബഹുമതിയായി ഞാന്‍ കരുതുന്നു. അവരുമായുള്ള എന്റെ ഇടപെടലുകള്‍ അവിസ്മരണീയമായി തുടരും. ലതാ ദീദിയുടെ വിയോഗത്തില്‍ ഇന്ത്യക്കാരോടൊപ്പം ഞാനും ദുഃഖിക്കുന്നു

സുവര്‍ണനാദം അനശ്വരമായി നിലനില്‍ക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം- ‘ലതാ മങ്കേഷ്‌കര്‍ജിയുടെ വിയോഗത്തെക്കുറിച്ചുള്ള ദുഃഖവാര്‍ത്തയാണ് അറിഞ്ഞത്. പതിറ്റാണ്ടുകളായി അവര്‍ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടരുന്നു. അവരുടെ സുവര്‍ണ ശബ്ദം അനശ്വരമാണ്. ആരാധകരുടെ ഹൃദയങ്ങളില്‍ ആ ശബ്ദം പ്രതിധ്വനിക്കുന്നത് തുടരും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനം

പിണറായി വിജയന്‍

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്.
പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.

വിഡി സതീശന്‍

പാട്ടിന്റെ വൈകാരിക വഴികളില്‍ ലതാ മങ്കേഷ്‌ക്കര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ണീരണിയിച്ചിട്ടുണ്ട്. ലതയെ ഞങ്ങള്‍ക്ക് തരൂ കാശ്മീര്‍ നിങ്ങള്‍ എടുത്തു കൊള്ളൂ എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതും ആ ശബ്ദ പ്രഭാവത്തിനു മുന്നിലെ ആദരമായിരുന്നു.
അതിര്‍ത്തികള്‍ ഭേദിക്കുന്ന, വിദ്വേഷം അകറ്റുന്ന, മനസ് നിറയ്ക്കുന്ന സംഗീത മാസ്മരികത. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍. നൗഷാദും ശങ്കര്‍ – ജയ്കിഷനും തുടങ്ങി എ.ആര്‍ റഹ്മാന്‍ വരെയുള്ള പലതലമുറകളുടെ ഈണങ്ങള്‍ക്ക് അവര്‍ ജീവന്‍ നല്‍കി.
സ്വര സ്ഥാനങ്ങളിലെ പെര്‍ഫെക്ഷന്‍… വൈകാരികമായ ആഴങ്ങള്‍… ആത്മീയമായ ഔന്ന്യത്വം… ഒരു കുയില്‍ പാട്ടിന്റെ മാധുര്യം…
സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും ഉള്ള ഇന്ത്യയെ, രണ്ട് നൂറ്റാണ്ടുകളെ, പല തലമുറകളെ, ഒരു ജനതയെ ആകെ ആസ്വാദനത്തിന്റെയും വൈകാരികതയുടേയും പുതിയ തലങ്ങളിലെത്തിച്ചു ലതാജി.
ലഗ് ജാഗലേ, തേരെ ബിനാ സിന്ദഗി സേ, ഏക് പ്യാര് കാ നഗ്മാ ഹേ, നൈനാ ബര്‍സേ …. എനിക്കെന്നും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങള്‍. എത്രായിരം വട്ടം കേട്ടു എന്നറിയില്ല. ചെമ്മീനില്‍ ലതാജിയെ കൊണ്ട് പാടിക്കാന്‍ രാമു കാര്യാട്ട് ആഗ്രഹിച്ചിരുന്നു. ആ കടം തീര്‍ത്തത് നെല്ല് എന്ന സിനിമയിലാണ്. കദളി കണ്‍കദളി ചെങ്കദളി പൂ വേണോ…….. മലയാള സിനിമ ഉള്ളിടത്തോളം നിലനില്‍ക്കുന്ന ഗാനങ്ങളില്‍ ഒന്ന്.വിരസമായി പോകുന്ന ജീവിത വഴികളില്‍ മഴയായും പുഴയായും നിലാവായും കാറ്റായും വന്ന സംഗീതം, കണ്ണീരായും സ്‌നേഹമായും ഭക്തിയായും സാന്ത്വനമായും വന്ന സ്വരമാധുരി.. ഉപമകള്‍ക്ക് അപ്പുറമുള്ള സാന്നിധ്യം. രാജ്യത്തിന്റെ ആത്മാവിലിടം നേടിയ വാനമ്പാടി. ഒരു യുഗത്തിന്റെ അന്ത്യം. നന്ദി ലതാജി, നിങ്ങള്‍ തന്നതിനൊക്കെയും.
അങ്ങയുടെ സംഗീതം സ്‌നേഹം പോലെ അമരമാണ്.

Test User: