X
    Categories: Video Stories

സംസ്ഥാനത്ത് ഇനി തരംഗ മഴ; രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

പോള്‍ സെബാസ്റ്റിയന്‍

ദൃശ്യം സിനിമയിൽ ഐ ജി ഗീത പ്രഭാകർ പറയുന്ന ഒരു ഡയലോഗുണ്ട്. “അവരുടെ കഥകളെല്ലാം വിശ്വസിച്ചു എന്ന രീതിയിൽ വേണം അവരെ പറഞ്ഞു വിടാൻ.” അത് കഴിഞ്ഞു വീട്ടിൽ ചെന്ന് റാണി ജോർജ് കുട്ടിയോട് പറയുന്നു. “എന്തായാലും എല്ലാം കഴിഞ്ഞല്ലോ…ആശ്വാസം.” അപ്പോൾ ജോർജ് കുട്ടി തിരിച്ചു പറയുന്നു. “റാണീ, ഒന്നും കഴിഞ്ഞിട്ടില്ല. അവരിനിയും വരും.” പിന്നീടൊരിക്കൽ റാണിയുടെ സഹോദരൻ രാജേഷ് ജോർജ് കുട്ടിയോട് ചോദിക്കുന്നു. ഇനിയും വരുമെന്നോ? എന്തിന്? എന്നോടെങ്കിലും പറയ്…” വാചകങ്ങളൊക്കെ ഏകദേശമാണ്. എന്തായാലും ഉദ്ദേശിച്ചത് മനസ്സിലായല്ലോ. ഒന്നും കഴിഞ്ഞിട്ടില്ല. അവർ വീണ്ടും വരും! അതെ മഴ വീണ്ടും വരും.

ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെയായി ശക്തമായ മഴ വീണ്ടും വരും. ഇനിയുള്ളത് തരംഗമഴയുടെ ദിവസങ്ങളാണ്. മഴ തിര കണക്കെ വന്നു കൊണ്ടിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ മഴ വരും. വിയറ്റ്നാം ഭാഗത്ത് ശക്തമായി രൂപപ്പെടുന്ന ന്യൂനമർദ്ദവും ഒഡിഷ തീരത്തുള്ള ന്യൂനമർദ്ദവും കാറ്റിനെ ആകർഷിക്കും എന്നതിനാലും വിയറ്റ്നാം കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായതിനാലും കാറ്റിന്റെ ദിശ കിഴക്കോട്ട് തന്നെയാവാനാണ് സാധ്യത. അങ്ങനെ വന്നാൽ, കിഴക്കോട്ട് തരംഗങ്ങളായി വരുന്ന മഴ മലമ്പ്രദേശങ്ങളിൽ തടഞ്ഞു നിന്ന് കൂടുതൽ മഴ കിട്ടാൻ സാധ്യത തെളിയുന്നു. ഡാമുകളിൽ വെള്ളം നിറയാൻ ഇത് സഹായിക്കും.

സുഡാനിൽ നിന്നുള്ള മേഘങ്ങൾ അറബിക്കടലിൽ എത്തുകയും അതിപ്പോൾ കേരളതീരത്തേക്ക് ലാക്കാക്കി നീങ്ങുകയും ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്. ആദ്യം നമുക്ക് കിട്ടുക സുഡാനി മഴയാണ്. മിക്കവാറും അത് ഇന്ന് രാത്രിയിലോ നാളെ പുലർച്ചെയോ കാലത്തോ ആയി കിട്ടും. വരുന്ന മണിക്കൂറുകളിൽ ഇതേപ്പറ്റി കൂടുതൽ വ്യക്തതയുണ്ടാവും. സുഡാനിൽ മേഘങ്ങൾ ഇപ്പോഴും ഉണ്ടെങ്കിലും അതിന്റെ ശക്തി അവിടെ വളരെ കുറഞ്ഞിരിക്കുന്നതിനാൽ കൂടുതൽ സുഡാനി മേഘങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും, വരും ദിവസങ്ങളിൽ ഈ റൂട്ട് ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടതുണ്ട്.

സുഡാനി മഴയ്ക്ക് പിന്നാലെ അന്റാർട്ടിക്ക മഴ വരുന്നുണ്ട്. അന്റാർട്ടിക്കയുടെയും ഓസ്‌ട്രേലിയയുടെയും അടുത്ത് നിന്നുള്ള കനത്ത മേഘപാളികളിൽ നിന്നുള്ള മേഘങ്ങൾ ഇപ്പോൾ ആഫ്രിക്കൻ തീരം വിട്ടു. സുഡാനി മഴയുടെ പിറകെ പിടിച്ചു അത് കേരളത്തിലേക്ക് തന്നെ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതേപ്പറ്റി ഇന്ന് വൈകീട്ട്, അല്ലെങ്കിൽ നാളെ കൂടുതൽ പറയാം. അന്റാർട്ടിക്ക മഴ എന്തായാലും നാളെയേ എത്തൂ. മിക്കവാറും നാളെ വൈകീട്ട്. അതിനാൽ ഇന്ന് വൈകീട്ടത്തെ കാര്യം പിന്നീട് പറയാം, പക്ഷെ, നാളെയും മറ്റന്നാളും മഴ ദിവസമാകാനുള്ള സാധ്യത ഏറെയാണ്.

പ്രെഷർ മാപ്പിൽ നോക്കിയാൽ, ന്യൂനമർദ്ദങ്ങൾ ഉണ്ടാവുന്നത് ഏകദേശം ഒരേ നിരയിലാണെന്ന് കാണാം. ഈ നിറയെ കേന്ദ്രീകരിച്ചു തന്നെയാണ് ഇപ്പോൾ മഴയുടെയും നീക്കം. ഭൂമിയുടെ ഈ അക്ഷാംശത്തിലാണ് മഴ മേഘങ്ങൾ കറങ്ങുന്നത്. കേരളത്തിന് അനുകൂലമാണ് ഈ മേഘനീക്കം. ഇത് വടക്കോട്ട് നീങ്ങിയിരുന്നത് കൊണ്ടാണ് ഈ വര്ഷം ജൂൺ മാസത്തിൽ നമുക്ക് കിട്ടിയ മഴ കുറവായത്. എന്തായാലും ഈ ന്യൂനമർദ്ദങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

ഇപ്പോൾ കടലിലുള്ള മേഘങ്ങൾ കടലിൽ പെയ്തൊഴിയാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. കാരണം, കേരളതീരത്തുള്ള കാറ്റിന്റെ വേഗത ഇപ്പോൾ കുറവാണ്. ഇരുപതുകളിലാണ് അവ ഇപ്പോൾ. കൊല്ലം തിരുവനന്തപുരം ഭാഗത്തു കാറ്റ് രണ്ടു കിലോമീറ്റര് മുതൽ അഞ്ചു കിലോമീറ്റര് വരെയും വേഗതയിലേക്ക് കുറഞ്ഞതിനാൽ അങ്ങോട്ട് മഴ എത്തുക ബുദ്ധിമുട്ടാവും. ഇപ്പോഴത്തെ നിലയിൽ വടക്കൻ കേരളത്തിലാണ് മഴമേഘങ്ങൾക്ക് എത്താൻ പറ്റിയ അന്തരീക്ഷം. എങ്കിലും സൂര്യാസ്തമനത്തോടെ കാറ്റിന്റെ വേഗത മാറാമെന്നതിനാൽ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. സുഡാനി മഴ നേരത്തെ എത്തുകയാണെങ്കിൽ കനത്ത മഴ ഉണ്ടാവും. അതായത്, ഇന്ന് വൈകീട്ടോ നാളെ പുലർച്ചെയോ ആയി ഈ മഴ കിട്ടുന്നുണ്ടെങ്കിൽ അത് ശക്തമായിരിക്കും. അതല്ല, നാളെ പകലാണ് പെയ്തു തുടങ്ങുന്നതെങ്കിൽ മഴ ശക്തി കുറവായിരിക്കും. അത് പോലെ തന്നെ, അന്റാർടിക്ക മഴ നാളെ വൈകുന്നേരം കിട്ടുന്നുണ്ടെങ്കിൽ ശക്തമായിരിക്കും. അത് വിട്ട് പോവുകയാണെങ്കിൽ ശക്തി കുറവായിരിക്കും. (അന്റാർട്ടിക്ക മഴ ഇപ്പോൾ തന്നെ കടലിൽ ശക്തമായാണ് പെയ്യുന്നത്.) ഈ മഴക്കാലത്ത് പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളെ ഓർത്തു സഹതാപമുണ്ട്. അല്ലാത്തവർക്ക് ഇത് രണ്ടു നല്ല മഴ ദിവസം വരുന്നു എന്ന് കരുതാനേ ഉള്ളൂ.

അതിനാൽ ജോർജ് കുട്ടി പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. അവർ വീണ്ടും വരും. അവർ മാറ്റിയും മറിച്ചും ഒക്കെ ചോദിക്കും. അപ്പൻ അങ്ങനെ പറഞ്ഞല്ലോ, ‘അമ്മ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെ പറയും. പക്ഷെ, നിങ്ങൾ പറഞ്ഞതിൽ ഉറച്ചു നിൽക്കണം. അപ്പോൾ, ചോദ്യം, “പള്ളിയിൽ ചെന്ന് എത്ര സമയം കഴിഞ്ഞാണ് ധ്യാനം തുടങ്ങിയത്?”

ചന്ദ്രിക വെബ് ഡെസ്‌ക്‌: