അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : ആഗോള നിക്ഷേപകരെ സഊദിയിലേക്ക് ആകർഷിക്കാനുള്ള ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ദ്വിദിന സമ്മേളനത്തിന് റിയാദിൽ ഇന്നലെ തുടക്കമായി. പി ഐ എഫ് ഗവർണറും ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ചെയർമാനുമായ യാസിർ ബിൻ ഉസ്‌മാൻ അൽ റുമയ്യാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്റെ സിഇഒ റിച്ചാർഡ് ആറ്റിയാസ് അതിഥികളെ സ്വാഗതം ചെയ്തു.സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇന്നലെ റിയാദിലെത്തിയിട്ടുണ്ട്.
തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിൽ പരം പ്രതിനിധികളും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറിലധികം ബിസ്‌നസ് വിചക്ഷണന്മാരും ഉൾപ്പെടുന്ന ഇക്കൊല്ലത്തെ നിക്ഷേപക സമ്മേളനം ‘പുതിയ വൃത്തം’ എന്ന ശീർഷകത്തിലാണ് നടക്കുന്നത്.
ലോകം ഒരു പുതിയ യുഗത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നതിനാൽ മാനുഷിക മൂല്യങ്ങളുടെ ഭാവി അതിപ്രധാനമായ വിഷയമാണ്. ലോകം അഭൂതപൂർവമായ വളർച്ചയിലാണ്. അതോടൊപ്പം മൂല്യങ്ങളും വികസിക്കുന്നു. എന്നാൽ ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനവും ആരോഗ്യ വിഷയങ്ങളും പ്രതിസന്ധികളുണ്ടാക്കുന്നു. സംഘർഷങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണാൻ ലോകം കൈകൊക്കുന്നതിന്റെ ആവശ്യകതയും സമ്മേളനത്തിലെ പ്രാസംഗികർ ടുത്തു പറഞ്ഞു.
ഭാവി സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര സഖ്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ മനസ്സിലാക്കി ലഭ്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ തന്ത്രങ്ങൾ കണ്ടെത്തി ഏഴാം ആഗോള നിക്ഷേപക സംഗമം പദ്ധതികൾ ആവിഷ്ക്കരിക്കും.
പാരിസ്ഥികവും സാമൂഹികവും ഭരണപരവുമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിപണികൾ കണ്ടെത്തേണ്ടതിന്റെയും സാമ്പത്തിക വളർച്ചയുടെ അതിരുകൾ വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത സമ്മേളനം ചർച്ച ചെയ്യും. ധ്രുതഗതിയിലുള്ള വികസനവും മാറ്റങ്ങളും ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി സഊദി അറേബ്യയെ മാറ്റിയെന്ന് സമ്മേളനത്തിൽ പങ്കടുക്കുന്ന അന്താരാഷ്‌ട്ര നിക്ഷേപകർ വിലയിരുത്തുന്നു.