കൊച്ചിയില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി; 2 പേര്‍ കസ്റ്റഡിയില്‍

കൊച്ചി:  നഗരത്തിൽ ഓട്ടോ റിക്ഷയിൽനിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്നാട് സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് ഹാർബർ പൊലീസ്കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുന്ന ആളാണ്, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. കണ്ടെടുത്ത പണം കുഴല്‍പ്പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്‌ടൻ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയിൽ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ്  വാഹനം പരിശോധിക്കുന്നതും ബാഗിൽ അടുക്കി വച്ച നിലയിൽ പണം കണ്ടെത്തുന്നതും.

പണം കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പണം എത്രയെന്നതിന്റെ കണക്ക് പൂര്‍ണമായും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.

webdesk14:
whatsapp
line