X

ചൈനാ കടലില്‍ നിരീക്ഷണം നടത്തിയ യുഎസ് പോര്‍വിമാനങ്ങള്‍ ചൈന തടഞ്ഞു

വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.
ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ അതിന്റെ റേഡിയേഷന്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യുഎസ് ഡബ്ലുസി-135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു-30 വിമാനങ്ങള്‍ ചേര്‍ന്നു മാര്‍ഗതടസം സൃഷ്ടിച്ചത്. ഇതില്‍ ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് നിരീക്ഷണം നടത്തുകയായിരുന്ന വിമാനത്തെ ചൈന ബോധപൂര്‍വം തടഞ്ഞുവെന്നാണ് യുഎസിന്റെ ആരോപണം. തങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്നു യുഎസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണ് ചൈനയുടെ നടപടിയ്ക്ക് പിന്നിലെന്നാണ് അനുമാനം.

chandrika: