കല്‍പ്പറ്റ: അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ കേരള കാര്‍ഷിക സര്‍ലകലാശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പോത്സവത്തിന്റെ (പൂപ്പൊലി2023) എട്ടാമത് പതിപ്പില്‍ 10 ദിവസത്തിനിടെ എത്തിയത് രണ്ടര ലക്ഷം സന്ദര്‍ശകര്‍. ജനുവരി ഒന്നിനു ആരംഭിച്ച പുഷ്പോത്സവം പത്തു ദിവസം പിന്നിട്ടപ്പോള്‍ 1.1 കോടി രൂപയാണ് ടിക്കറ്റ് വിറ്റുവരവ്.
മുതിര്‍ന്നവര്‍ക്കു 50ഉം കുട്ടികള്‍ക്കും 30 രൂപയാണ് പൂപ്പൊലി നഗരിയില്‍ പ്രവേശന നിരക്ക്. 15നാണ് പുഷ്പോത്സവം സമാപനം. ചൊവ്വാഴ്ച വരെ രണ്ടര ലക്ഷം സന്ദര്‍ശകര്‍ പുഷ്പോത്സവ നഗരിയില്‍ എത്തിയതായി ഗവേഷണകേന്ദ്രം മേധാവി കെ.അജിത്കുമാര്‍, സംഘാടക സമിതി ഭാരവാഹികളായ പ്രഫ.ജി. രാജശ്രീ, അസി.പ്രഫ.എം.വി. ശ്രീരേഖ, ഡോ.വി.പി. ഇന്ദുലേഖ എന്നിവര്‍ പറഞ്ഞു. ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി 10.30 വരെയാണ് പുഷ്പോത്സവനഗരയില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിപ്പ്. ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ സാംസ്‌കാരിക പരിപാടികള്‍ ഉണ്ട്. വിവിധ സ്ഥലങ്ങളില്‍നിന്നു അമ്പലവയലിലേക്കും തിരിച്ചുമുള്ള കെഎസ് ആര്‍ടിസി ബസ് സര്‍വീസ് പുഷ്പോത്സവനഗരില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ എത്തുന്നതിനു സഹായകമാകുന്നുണ്ട്. പൂക്കളുടെ വൈവിധ്യം തന്നെയാണ് ഇക്കുറിയും പൂപ്പൊലി നഗരിയുടെ മുഖ്യ ആകര്‍ഷണം.
പൂക്കളുടെ വിപുലമായ ശേഖരമാണ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്ന പുഷ്പോത്സവത്തിനായി ഒരുക്കിയത്. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, തായ്ലന്‍ഡില്‍നിന്നു ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവ ചേതോഹരമാക്കുകയാണ് പത്ത് ഏക്കറിലധികം വരുന്ന പുഷ്പോത്സവനഗരിയെ. റോക്ക് ഗാര്‍ഡന്‍, മൂണ്‍ ഗാര്‍ഡന്‍, ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, ജലധാരകള്‍ എന്നിവയും നഗരിയുടെ ഭാഗമാണ്.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വാകര്യ സ്ഥാപനങ്ങളുടേതുമായി 300ലധികം സ്റ്റാളുകള്‍ പുഷ്പോത്സവനഗരിയിലുണ്ട്. ഒരു കോടി രൂപയാണ് സ്റ്റാള്‍ ഇനത്തില്‍ ഗവേഷണ കേന്ദ്രത്തിനു വരവ്. ദിവസം ശരാശരി ഒരു ലക്ഷം രൂപയുടെ പ്ലാന്റിംഗ് സാമഗ്രികളുടെ വില്‍പന നടക്കുന്നുണ്ട്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഉല്ലാസത്തിനു രണ്ടര ഏക്കര്‍ വിസ്തൃതിയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സജ്ജമാക്കിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് കേന്ദ്രത്തില്‍ അനുഭവപ്പെടുന്നത്.