X

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ഥിനികളെ ഊട്ടിയിലെത്തിച്ച് പീഡിപ്പിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍

മാനന്തവാടി: വയനാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ഥിനികളെ ഫോണ്‍കെണിയില്‍പെടുത്തി ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മാനന്തവാടി എസ്എംഎസ്(സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്) ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയില്‍ പി റിജു(32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി ചാലില്‍ അമല്‍(26) എന്നിവരാണ് അറസ്റ്റിലായത്.

മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എസ്റ്റേറ്റിലെ പതിനേഴും പതിനാലും വയസുള്ള പെണ്‍കുട്ടികളാണ് പീഡത്തിന് ഇരകളായത്. ഊട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് എസ്എസ്എല്‍സി വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിക്കുകയും ഏഴാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മാനഹാനി വരുത്തുകയുമായിരുന്നു. ബലാത്സംഗം, പീഡനശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെകേസ് എടുത്തത്.

കഴിഞ്ഞ 16നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികള്‍ താമസിക്കുന്ന എസ്റ്റേറ്റിലെത്തിയ യുവാക്കള്‍ ഇരുവരേയും പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി ആദ്യം പനമരത്ത് എത്തിച്ചു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ഊട്ടിയിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതോടെ ഊട്ടിയിലെത്തിയ സംഘം ലോഡ്ജില്‍ രണ്ട് മുറികളെടുത്തു. ഒന്നില്‍ പെണ്‍കുട്ടികളെ താമസിപ്പിക്കുകയും രണ്ടാമത്തേതില്‍ പ്രതികള്‍ താമസിക്കുകയും ചെയ്തു. രാത്രി പതിനൊന്നോടെ പെണ്‍കുട്ടികളുടെ മുറിയിലെത്തിയ ഒന്നാം പ്രതി റിജു പതിനേഴുകാരിയെ പീഡിപ്പിച്ചു. രണ്ടാംപ്രതി അമല്‍ പതിനാലുകാരിയെ പീഡിപ്പിക്കാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ചെറുത്തുനിന്നു. പിറ്റേദിവസം പ്രതികള്‍ പെണ്‍കുട്ടികളെ ഗൂഡല്ലൂരില്‍ കൊണ്ടിറക്കിവിട്ടു. കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞ് അഞ്ഞൂറ് രൂപയും നല്‍കി. പെണ്‍കുട്ടികള്‍ തിരിച്ച് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ജൂണ്‍ 24നാണ് പ്രതി റിജുവുമായി പതിനേഴുകാരി ഫോണില്‍ പരിചയപ്പെടുന്നത്. റിജുവിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ വരികയായിരുന്നു. പെണ്‍കുട്ടി തിരിച്ചുവിളച്ചതോടെയാണ് ബന്ധം വളര്‍ന്നത്. പിന്നീട് ഫോണ്‍വിളി പതിവായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനാലുകാരിയെ പരിചയപ്പെട്ടു. ഈ കുട്ടിയെ അമലിന് പരിചയപ്പെടുത്തുകയും ചെയ്തു. തുര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോകലും പീഡനവും.

പ്രതികള്‍ കൂത്തുപറമ്പ് നരവൂരില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്നവരാണ്. ഇവിടെതന്നെ മുറിയെടുത്ത് താമസിക്കുകയായിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം എസ്എംഎസിന് കൈമാറി. പെണ്‍കുട്ടികള്‍ നല്‍കിയ പ്രതികളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഒരാഴ്ച്ചയോളം ഇവര്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബംഗളൂരിലും ഒളിവില്‍ കഴിഞ്ഞു. പ്രതികളുടെ ബന്ധുക്കളെയടക്കം ബന്ധപ്പെട്ട് പൊലീസ് വലവിരിച്ചു. പിടികൂടുമെന്ന് ഉറപ്പായതോടെ പ്രതികള്‍ കേസ് അന്വേഷിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന്‍ നമ്പൂതിരി മുമ്പാകെ കീഴടങ്ങുകയായിരുന്നു. കല്‍പ്പറ്റയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കാറ് കസ്റ്റഡിയിലെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. സീനിയര്‍ സി.പി.ഒമാരായ ഷാജി, വിജയലക്ഷ്മി എന്നിവരും ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

chandrika: