അശ്റഫ് തൂണേരി
ദോഹ: ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു. ശുദ്ധ ഊര്‍ജജത്തിലേക്ക് മാറാനുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്.
”ഖത്തറില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുള്ള സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. ഈ മേഖലയിലെ വലിയൊരു കാല്‍വെപ്പാണ് അല്‍ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് (കെഎസ്പിപി),” ഖത്തര്‍ എനര്‍ജിക്ക് കീഴിലെ കെ.എസ്.പി.പി ചുമതലയുള്ള മുഹമ്മദ് അല്‍ഹറാമി പറഞ്ഞു.
ഖത്തര്‍ ടി.വിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആദ്യത്തെ സോളാര്‍ പവര്‍ പ്ലാന്റാണ് കെഎസ്പിപി. 410 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുത നിലയം മിസൈദിലും, 470 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു സൗരോര്‍ജ്ജ വൈദ്യുത നിലയം റാസ് ലഫാനിലും നിര്‍മ്മാണം പൂര്‍ത്തിയാക്കും.രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് പദ്ധതികളും പൂര്‍ത്തിയാവും. ഖത്തറിന്റെ പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നും അല്‍ഹറാമി പറഞ്ഞു.