X

ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് കുഞ്ഞാലിക്കുട്ടി

ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന്
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.
യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ മുസ്ലിം ലീഗിനെതിരായുള്ള രണ്ടു ട്വീറ്റുകള്‍ കൂടി മരവിപ്പിക്കുന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. പച്ചക്ക് വര്‍ഗ്ഗീയത പറഞ്ഞ് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന സംഘ് പരിവാറിന്റെ മോഹങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തന്നെ കൂച്ച് വിലങ്ങിടാന്‍ മുന്നോട്ട് വന്നിരിക്കുന്നു. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെ വിഷം പടര്‍ത്താന്‍ സമ്മതിക്കില്ലെന്ന് വന്നിരിക്കുന്നു. യോഗിയോടൊപ്പം വര്‍ഗ്ഗീയത പ്രചരിപ്പിച്ച സംഘ് പരിവാര്‍ നേതാക്കളുടെ മുപ്പത്തി രണ്ടോളം പോസ്റ്റുകളും ട്വിറ്റര്‍ ഒഴിവാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കാനുള്ളതാണ് ഈ പോരാട്ടം.ആ പോരാട്ടത്തിനൊപ്പമാണ് മുസ്ലിം ലീഗുമുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും സംഘ് പരിവാര്‍ റാഞ്ചിക്കൊണ്ട് പോകുമ്പോള്‍ ഈ രാജ്യം ഒന്നിച്ച് നടത്തുന്ന പ്രതിരോധത്തെ നാം ശക്തിപ്പെടുത്തണം. അത് കൊണ്ടാണ് ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും വഴിയില്‍ മുസ്ലിം ലീഗ് യോഗിക്കും അമിത്ഷാക്കുമെതിരെ നീങ്ങിയത്. അത് വിജയം കണ്ടുവെന്നത് ജനാധിപത്യത്തിലെ പ്രതീക്ഷകളാണ് പ്രകടമാക്കുന്നത്. യോഗി ഉള്‍പ്പെടെ കൊടിയ വര്‍ഗ്ഗീയത പ്രചാരണായുധമാക്കുന്ന നേതാക്കള്‍ക്കെതിരെ ഇന്ത്യയിലെ മതേതര പാര്‍ട്ടികളും ദേശീയ പ്രാദേശിക മാധ്യമങ്ങളും എടുക്കുന്ന വിട്ടു വീഴ്ചയില്ലാത്ത നിലപാട് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന് തന്നെ വലിയ ആത്മ വിശ്വാസം നല്‍കുന്നുണ്ട്. വര്‍ഗ്ഗീയതക്കും വിഭജനത്തിന്റെ രാഷ്ട്രീയത്തിനുമെതിരെയുള്ള ഈ വലിയ പോരാട്ടം ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യുമെന്നും, കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പരമാര്‍ശങ്ങള്‍ അടങ്ങിയ രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്. മുസ്ലിം ലീഗിന്റെ പരാതിയില്‍ മേലാണ് നടപടി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ യോഗി ആദിത്യനാഥിനെതിരെ നടപടിയെടുത്തത്. വൈറസ് പരാമര്‍ശത്തിനു പുറമേ ഇന്ത്യാ വിഭജനത്തില്‍ മുസ്ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റും നീക്കിയിട്ടുണ്ട്. യോഗി ആദിത്യനാഥിന്റേതിനു പുറമേ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബിജെപി ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ, എം.എസ്. സിര്‍സ എന്നിവരുടെ ട്വീറ്റുകളും ട്വിറ്റര്‍ നീക്കി.

chandrika: