വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്ന ത്രെഡ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍. കമ്പനിയുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കുന്നുവെന്നും ഭൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ത്രെഡ്‌സിനെതിരെ ട്വിറ്ററിന്റെ നീക്കം. ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ അലക്‌സ് സ്പിറോ മെറ്റ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് കത്തെഴുതി.
ട്വിറ്ററിന്റെ രഹസ്യാത്മക വിവരങ്ങളിലേക്ക് ബന്ധമുള്ള മുന്‍ ട്വിറ്റര്‍ ജീവനക്കാരെ മെറ്റ നിയമിച്ചതായാണ് കത്തിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്. മത്സരം നല്ലതാണെന്നും എന്നാല്‍ വഞ്ചന നല്ലതല്ലെന്നും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പ്രതികരിച്ചു. അതേസമയം, ത്രെഡ്‌സിലെ എഞ്ചിനീയറിങ് ടീമിലെ ആരും ട്വിറ്ററിന്റെ മുന്‍ ജീവനക്കാരനല്ലെന്ന് അവകാശപ്പെട്ട് മെറ്റ രംഗത്തെത്തി. അവതരിപ്പിച്ച് ആദ്യ ഏഴു മണിക്കൂറില്‍ തന്നെ ആപ്പ് ഒരു കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം സ്വന്തമാക്കിയതായാണ് വിവരം. ട്വിറ്റര്‍ കില്ലര്‍ എന്നാണ് ത്രെഡ്‌സിനെ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.