ഡല്‍ഹി: സമരത്തിനിടെ കര്‍ഷകനെ മര്‍ദിച്ചില്ലെന്ന് ബിജെപി സമൂഹ മാധ്യമ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത് നുണയാണെന്ന് ട്വിറ്റര്‍. പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നറിയിച്ച് കര്‍ഷകനായ സുഖ്‌ദേവ് സിങ്ങും രംഗത്തെത്തി. ദേശീയ മാധ്യമത്തോടാണ് സുഖ്‌ദേവ് സിങ് തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് പറഞ്ഞത്.
കര്‍ഷകനെ പൊലീസ് മര്‍ദിച്ചുവെന്ന സംഭവം വ്യാജമാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. കര്‍ഷകനെ പൊലീസ് തല്ലുന്നതായി പുറത്ത് വന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ന പേരില്‍ അമിത് മാളവ്യ ഒരു വിഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ വിഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്ന് ട്വിറ്റര്‍ തന്നെ വെളിപ്പെടുത്തി.
വൃദ്ധനായ കര്‍ഷകനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കളടക്കം ചിത്രം ഷെയര്‍ ചെയ്തു. അതേസമയം കോണ്‍ഗ്രസ് നുണ പറയുകയാണെന്നും ഇദ്ദേഹത്തിന് യഥാര്‍ഥത്തില്‍ മര്‍ദനമേറ്റിട്ടില്ലെന്നുമാണ് ബിജെപി പ്രചരിപ്പിച്ചിരുന്നത്.
ഇതിനിടെയാണ് ദേശീയ മാധ്യമം കര്‍ഷകനെ നേരിട്ട് സമീപിച്ചത്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചുവെന്ന് കര്‍ഷകന്‍ പറഞ്ഞു. ശരീരം മുഴുവന്‍ മര്‍ദനമേറ്റു. പൊലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്തില്ല. എന്നിട്ടും എന്തിനാണ് മര്‍ദിച്ചതെന്ന് മനസിലായില്ലെന്നും സുഖ്‌ദേവ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വസ്തുതാപരമല്ലെന്ന് ട്വിറ്റര്‍ ‘ഫ്‌ലാഗ്’ ചെയ്യുന്നത്.