ഡല്‍ഹി: ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസുകളില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പരിശോധന. ഗുഡ്ഗാവ്, ഡല്‍ഹി ഓഫീസുകളിലാണ് പരിശോധന. നേരത്തെ ബിജെപി വക്താവ് സാംബിത് പാത്ര ‘കോണ്‍ഗ്രസ് ടൂള്‍ കിറ്റ്’ എന്ന പേരില്‍ പ്രചരിപ്പിച്ച കത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് മീഡിയ ടാഗ് കൊടുത്തിരുന്നു. ഇതില്‍ വിശദീകരണം ചോദിച്ച് സ്‌പെഷ്യല്‍ സെല്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസുകളില്‍ പരിശോധന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ലെറ്റര്‍ ഹെഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമായിരുന്നു സംബിത് പാത്ര ട്വിറ്ററില്‍ പങ്കുവച്ചത്.
‘ബിജെപി വക്താവിന്റെ ട്വീറ്റ് വ്യാജമാണെന്ന് രേഖപ്പെടുത്തിയതിനെ കുറിച്ചാണ് ഡല്‍ഹി പൊലീസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് ട്വിറ്ററിന്റെ കൈവശമുള്ള രേഖകള്‍ പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്.’ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ പരാതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.