മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിനും കഷ്ടകാലം. ഒമ്പത് ശതമാനം സ്റ്റാഫുകളെ പിരിച്ചുവിടാനും വീഡിയോ സര്‍വീസ് ആയ വൈന്‍ (Vine) നിര്‍ത്തലാക്കാനും ട്വിറ്റര്‍ തീരുമാനിച്ചു. വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതാണ് പിരിച്ചുവിടലിലേക്കും വൈന്‍ നിര്‍ത്തലാക്കുന്നതിലേക്കും നയിച്ചത് എന്നാണ് സൂചന.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ 140 അക്ഷരങ്ങളുള്ള മെസ്സേജിങ് സംവിധാനവുമായി ശ്രദ്ധ നേടിയ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ഗൂഗിള്‍, ഡിസ്‌നി, സേല്‍സ്‌ഫോഴ്‌സ് തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കാതിരുന്നതോടെ ഒറ്റക്ക് മുന്നേറാനാണ് ട്വിറ്ററിന്റെ നീക്കമെന്നറിയുന്നു.
ആറ് സെക്കന്റ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ വൈന്‍ വീഡിയോ രംഗത്തെ ട്വിറ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവ കൂടുതല്‍ എളുപ്പത്തില്‍ ഷോര്‍ട്ട് വീഡിയോ നിര്‍മിക്കാനുള്ള സംവിധാനമൊരുക്കിയതോടെ വൈനിന്റെ ജനപ്രീതി കുറഞ്ഞു.
പുതിയ വീഡിയോകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെങ്കിലും പഴയ വൈന്‍ വീഡിയോകളും വെബ്‌സൈറ്റും ആപ്ലിക്കേഷനും നിലനിര്‍ത്തുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.