പാരിസ് ഫ്രാന്‍സിലെ മുസ്‌ലിം തീവ്രവാദികള്‍ നടത്തിയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശവുമായി രംഗത്തെത്തിയ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ചര്‍ച്ചില്‍ നടന്ന ഭീകാരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാതിര്‍ മുഹമ്മദ് അക്രമത്തെ അനുകൂലിച്ച് വിവാദ ട്വീറ്റ് ചെയ്തത്.
ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്‍ വരെ ട്വിറ്റര്‍ തയാറായി.
ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല ചെയ്യാനുള്ള അവകാശം മുസ്‌ലിംകള്‍ക്കുണ്ടെന്നായിരുന്നു മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ്.
‘ചരിത്രഗതി നോക്കിയാൽ ഫ്രഞ്ചുകാർ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും മുസ്‌ലിംകളായിരുന്നു’- മഹാതിർ മുഹമ്മദ് ട്വീറ്റ് ചെയ്തു. ”അവർ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകൾ കാരണം മുസ്‌ലിംകൾക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ട്”, മഹാതിർ കുറിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി ഇ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിരുന്നു.
അതേസമയം, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പങ്കുവെച്ചതിന് ഫ്രാന്‍സില്‍ സ്‌കൂള്‍ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെ പിന്തുണക്കുന്നില്ലെന്നും 95 കാരനായ മഹാതിര്‍ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരെ അപമാനിക്കുന്നത് ഉള്‍പ്പെടുന്നില്ലെന്നാണ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ട് മഹാതിര്‍ വ്യക്തമാക്കിയത്.
ഇതാദ്യമല്ല മഹാതിർ മുഹമ്മദ് വിവാദങ്ങളിൽ പങ്കാളിയാകുന്നത്. നേരത്തെ ജൂതന്മാരെയും സ്വവർഗാനുരാഗികളെയും കുറിച്ചും വിവാദപരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപരിഷ്കൃതനാണെന്നും മഹാതിർ പറഞ്ഞു. രണ്ടുതവണയായി 24 വർഷമാണ് മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ അധികാരത്തില്‍ നിന്ന് പുറത്തായത്.
ഇതിനിടെ, ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്‍ മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തി. അല്ലാത്തപക്ഷം ട്വിറ്റര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന് ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ പ്രകോപന പരാമര്‍ശങ്ങളും അക്രമണങ്ങളും തുടരുകയാണ്.