X

ട്വിറ്റര്‍ സി.ഇ.ഒ പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിച്ചു. ബി.ജെ.പി എംപി അനുരാഗ് ഥാക്കൂര്‍ അധ്യക്ഷനായ ഐടി-പാര്‍ലമെന്ററി കമ്മിറ്റി ഫെബ്രുവരി ഒന്നിനാണ് ട്വിറ്റര്‍ മേധാവിക്കും മറ്റ് ഉന്നതര്‍ക്കും സമന്‍സ് അയച്ചത്.
ഫെബ്രുവരി ഏഴിന് കമ്മിറ്റി മുമ്പാകെ ഹാജരാകാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ട്വിറ്റര്‍ സിഇഒക്ക് നേരിട്ട് ഹാജരാകാന്‍ വേണ്ടി 11ലേക്ക് മാറ്റുകയായിരുന്നു. സിഇഒയോടൊപ്പം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്നായിരുന്നു കമ്മിറ്റി അറിയിച്ചിരുന്നത്. പക്ഷെ, ഈ ആവശ്യം ട്വിറ്റര്‍ നിരസിച്ചിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ തീരുമാനിച്ച വാദമായതുകൊണ്ട് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ പ്രചാരണങ്ങളെ ഒതുക്കുന്നുവെന്നും ബി.ജെ. പി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരണം നല്‍കുന്നുവെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി സമിതി ട്വിറ്റര്‍ മേധാവിക്ക് സമന്‍സ് അയച്ചത്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് നേരത്തെ മറുപടി നല്‍കിയിട്ടുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാറില്ലെന്നും ഇന്ത്യയിലെ ജീവനക്കാര്‍ കമ്പനിയുടെ നയങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപകരമായ പോസ്റ്റുകളും നീക്കം ചെയ്യുന്നില്ലെന്നാണ് ബി.ജെ.പി ട്വിറ്ററിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഒരു തരത്തിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലല്ല കമ്പനിയുടെ നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ട്വിറ്ററില്‍ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി കോളിന്‍ ക്രോവല്‍ വ്യക്തമാക്കിയിട്ടുണ്ട്. അധിക്ഷേപകരവും വിദ്വേഷപരവുമായ പെരുമാറ്റങ്ങള്‍ക്കെതിരെ രാഷ്ട്രീയ, ആശയ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ നടപടി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാര്‍ലമെന്ററി കമ്മിറ്റിയുടെ അടുത്ത നടപടി എന്താണെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: