ന്യൂഡല്‍ഹി: ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ സംബന്ധിച്ചും ഇത് തടയിടുന്നതുമായി ബന്ധപ്പെട്ടും ഇരുവരും ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ചു.
ജാക്ക് ദോസ്സെയുമായി കൂടിക്കാഴ്ച നടത്തിയതായും വ്യാജവാര്‍ത്തകള്‍ തടയുന്നതിനായുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തിയതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ക്ക് തടയിടുന്നതിന് വിവിധ നടപടികള്‍ ഉണ്ടാകുമെന്ന് ജാക്ക് ദോസ്സെ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ തടയുന്നതിന് കൃത്രിമ ഇന്റലിജന്‍സ് ടൂളടക്കം ഉപയോഗിക്കുമെന്ന് ഡല്‍ഹി ഐഐടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജാക്ക് ദോസ്സെ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ അടുത്തകാലത്തായി ട്വിറ്ററില്‍ വന്‍ പ്രചാരണം നടത്തുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്വിറ്റര്‍ ഫോളോവേര്‍സിന്റെ എണ്ണത്തില്‍ രാഹുല്‍ ഗാന്ധി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനിടെയാണ് ട്വിറ്റര്‍ മേധാവി രാഹുല്‍ ഗാന്ധിയുമായി കൂട്ടിക്കാഴ്ച നടത്തിയത്.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണ് ദോസ്സെ ഇന്ത്യയിലെത്തിയത്.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുമായും ദോസ്സെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനേയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.