വാഷിങ്ടണ്‍: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകള്‍ക്ക് ലൈക്കടിച്ച് ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സി. ഡല്‍ഹി അതിര്‍ത്തിയിലെ ഇന്റര്‍നെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത പോപ്പ് ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകള്‍ക്കും ഡോര്‍സി ലൈക്കടിച്ചിട്ടുണ്ട്.
ഇതിലൊന്ന് വാഷിങ്ടണ്‍ മാധ്യമപ്രവര്‍ത്തക കരണ്‍ അറ്റിയയുടേതാണ്. ‘സുഡാന്‍, നൈജീരിയ, ഇപ്പോള്‍ ഇന്ത്യയിലെയും മ്യാന്മറിലെയും സാമൂഹിക നീതിക്കു വേണ്ടി റിഹാന ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അവര്‍ ശരിയാണ്’ -എന്നാണ് അറ്റിയ എഴുതിയത്.
കര്‍ഷക പ്രതിഷേധത്തിന് ഇമോജി വേണമെന്ന അറ്റിയയുടെ ആവശ്യത്തിനും ഡോര്‍സി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക് ലിവ്സ് മാറ്റര്‍ പ്രതിഷേധത്തിന് ഉണ്ടായ പോലുള്ള ഇമോജി ഇതിനും വേണമെന്നായിരുന്നു അവരുടെ ആവശ്യം.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില ഹാഷ്ടാഗുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ട്വീറ്റിട്ട 250ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇവയുടെ ബ്ലോക്ക് പിന്‍വലിച്ചു. ഇതിനിടെയാണ് പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ടുള്ള ഡോര്‍സിയുടെ രംഗപ്രവേശം.