ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ ഓണ്‍ലൈന്‍ കാംപെയ്ന്‍ ട്വിറ്ററില്‍ ഹിറ്റ്. #SaveBengalFromBJP എന്ന ഹാഷ് ടാഗിലുള്ള കാംപെയ്ന്‍ ഇന്ത്യന്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു. ബഷീര്‍ഹട്ടിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കളടക്കമുള്ളവരെ ബംഗാള്‍ പൊലീസ് പിടികൂടിയതിനു പിന്നാലെയാണ് ട്വിറ്ററിലെ കാംപെയ്ന്‍.
ബഷീര്‍ഹട്ടില്‍ ഹിന്ദു യുവതിയെ അക്രമിക്കുന്ന ദൃശ്യം എന്ന പേരില്‍ ബി.ജെ.പി ഹരിയാന എക്‌സിക്യൂട്ടീവ് അംഗം വിജേത മാലിക് പ്രചരിപ്പിച്ച ചിത്രം ഒരു ഭോജ്പുരി സിനിമയുടെ സ്‌ക്രീന്‍ ഷോട്ടാണെന്ന് വ്യക്തമായിരുന്നു. ഗുജറാത്തിലേതു പോലെ ബംഗാളിലെ ഹിന്ദുക്കള്‍ മുസ്ലിംകള്‍ക്കെതിരെ കലാപം സൃഷ്ടിക്കണമെന്ന് ഹൈദരാബാദിലെ ബി.ജെ.പി എം.എല്‍.എ രാജാ സിങ് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തില്‍ അക്രമികള്‍ ഓട്ടോറിക്ഷയടക്കമുള്ള വസ്തുക്കള്‍ അഗ്നിക്കിരയാക്കുന്ന ചിത്രം ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മയും ട്വിറ്ററില്‍ പ്രചരിപ്പിച്ചു. ബംഗാളില്‍ നടന്ന സമാധാന യോഗത്തിന്റെ ചിത്രങ്ങളില്‍ കൃത്രിമം നടത്തിയും വ്യാപക പ്രചരണങ്ങള്‍ നടന്നു.
ബഷീര്‍ഹട്ടിലുണ്ടായ വര്‍ഗീയ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ ബംഗാള്‍ പൊലീസ് കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ബി.ജെ.പി നീക്കം. കലാപം ആളിപ്പടരാതിരിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സൈന്യത്തെ അയക്കുന്നില്ലെന്നും സംഘര്‍ഷം വ്യാപിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. ബഷീര്‍ഹട്ടിലേക്ക് പുറപ്പെട്ട ബി.ജെ.പി ജനപ്രതിനിധികളെ ബംഗാള്‍ പോലീസ് തടയുകയും ചെയ്തു.