ആദിൽ മുഹമ്മദ്
സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് തകൃതിയായി നടക്കുമ്പോൾ ശ്രദ്ധേയമാവുകയാണ് ഓരോ ഇനങ്ങളും. വേദി ആറിൽ ഹയർസെക്കൻഡറി വിഭാഗം ചെണ്ടമേളത്തിൽ പങ്കെടുത്ത ഇരട്ട പെൺ കുട്ടികളാണ് ഇന്ന് താരമായിരിക്കുന്നത്.
അതുല്യ, ആതിര എന്ന പേരുള്ള ഇവർ പാലക്കാട് ഭാരത മാതാ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ്. ഏഴു പേരടങ്ങുന്ന ടീമിൽ അതുല്യ ചെണ്ടയും ആതിര കുഴലുമാണ് വായിക്കുന്നത്. മത്സരത്തിന് സമ്പൂർണ്ണ പിന്തുണയുമായി അച്ഛൻ ബാബു സുരേഷും, അമ്മ സരിതയും വേദിയിൽ തന്നെയുണ്ട്.
മക്കൾ സ്വമേധയായാണ് കലോത്സവത്തിന് വേണ്ടി പഠിച്ചെടുത്തതാണെന്നും കേവലം മൂന്ന് മാസം സമയമാണ് എടുത്തെന്നും മാതാപിതാക്കൾ പറയുന്നു.
ചെണ്ടമേളത്തിൽ 20 വർഷത്തോളം പരിചയമുള്ള മഠത്തിൽ ഹരി, കല്ലേപ്പുള്ളി സതീശൻ, ഓലശ്ശേരി രാമദാസ് എന്നിവരാണ് സംഘത്തിന്റെ ഗുരുക്കന്മാർ.
ഒന്നുമറിയാത്ത കുട്ടികളിൽ നിന്നാണ് ഇവരെ വളർത്തിയെടുത്തതെന്നും പരിപാടിയിൽ ഓരോ വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ തന്ന പിന്തുണ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണെന്നും ഗുരുക്കന്മാർ പറയുന്നു.
ഏഴു പേരടങ്ങുന്ന സംഘത്തിൽ അതുല്യയും ആതിരയെയും കൂടാതെ പെൺകുട്ടിയായി ഋഷികയുമുണ്ട്. അവിനാശ്, ആദർശ്, അനന്തകൃഷ്ണൻ ആനന്ദ് എന്നിവരാണ് മറ്റുള്ളവർ.
പൊതുവേ പെൺകുട്ടികൾ അധികം കാണാത്ത ചെണ്ടമേളത്തിൽ ഇവരെ ഇവരെ കണ്ടതിലുള്ള കൗതുകവും സന്തോഷവും കാണികൾ തന്നെ പങ്കുവെക്കുന്നുണ്ട്.