X

ട്വന്റി20 ലോകകപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടം ഇന്ന്

രണ്ടാം ജയത്തിനായി ഇന്ത്യ, മുറിവേറ്റ മനസ്സുമായി പാകിസ്താന്‍. ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് ന്യൂയോര്‍ക്കിലാണ് ആവേശപ്പോര് നടക്കുന്നത്. ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ പോരാട്ടം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയെങ്കിലും ന്യൂയോര്‍ക്ക് നാസൗ കൗണ്ട് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചാണ് ഇരുടീമിന്റേയും പ്രധാന. 150 ന് മുകളിലുള്ള സ്‌കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യന്‍ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നും മലയാളികള്‍ ഉറ്റുനോക്കുന്നു.

ആദ്യ കളിയില്‍ പാക്കിസ്ഥാനെതിരെ അമേരിക്ക അട്ടിമറി ജയം നേടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ വിജയം നേടിയ ഇന്ത്യ ?ഗ്രൂപ് എയില്‍ രണ്ടാം സ്ഥാനത്താണ്. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നതും ഇതു തന്നെയാണ്. ഇനിയുള്ള മത്സരങ്ങള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പാക് ടീമിന് ആശ്വാസം നല്‍കില്ല. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് സൂപ്പര്‍ 8ല്‍ എത്തുക. ഇന്ത്യയും പാക്കിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ യുഎസ്എ ആ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാല്‍ തന്നെ പാക്കിസ്ഥാന് ജീവന്മരണമാണ്.

അതിനിടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്ന നസ്സാവുവിലെ ഗ്രൗണ്ടിലെ പിച്ചിന്റെ അപ്രവചനീയ സ്വഭാവത്തെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പിച്ചൊരുക്കിയ ക്യൂറേറ്ററിന് പോലും അതെങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്ന് രോഹിത് പറഞ്ഞു.

ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇവിടെ ചില മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ചില ട്രെയിനിങ് സെഷനുകള്‍ മഴമൂലം നടത്താന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. പിച്ചിനെ കുറിച്ച് പറയുകയാണെങ്കില്‍ ക്യൂറേറ്ററിന് പോലും അതിന്റെ സ്വഭാവം പ്രവചിക്കാനാവില്ല. ഓരോ ദിവസവും ഓരോ രീതിയിലാണ് അത് പ്രതികരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി.

നേരത്തെ ഇന്ത്യ-അയര്‍ലാന്‍ഡ് മത്സരത്തില്‍ പിച്ചിലെ ബൗണ്‍സ് രോഹിത് ശര്‍മ്മക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് ചെറിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഇന്ത്യക്കായി കളിക്കുമ്‌ബോള്‍ ഇതൊന്നും പ്രശ്നമല്ലെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്റെ മറുപടി. ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുമെല്ലാം ഇത്തരം സാഹചര്യത്തില്‍ കളിച്ചിട്ടുണ്ട്. ബ്രിസ്ബേനില്‍ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിച്ചപ്പോഴും മാനസികമായി സമ്മര്‍ദമുണ്ടായിരുന്നു. അന്നും ബാറ്റ്സ്മാന്മാര്‍ക്ക് ബൗണ്‍സ് പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍, പ്രതിസന്ധികളെ മറികടക്കാന്‍ കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.

പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് ടീം സ്‌കോര്‍ നൂറു കടത്തിയത്. മുന്‍ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.

ആദ്യ കളിയില്‍ അയര്‍ലന്‍ഡിനെ ആധികാരികമായി തോല്‍പ്പിച്ചാണ് രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ശ്രമിക്കുക.

webdesk13: