ചെന്നൈ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരവെ പ്രതികരിച്ച നടി ഖുഷ്ബു, ബിജെപിയില്‍ ചേരുന്നതിന് പിന്നാലെ അതിലും മലക്കം മറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി യോഗി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ഹത്രാസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഖുഷ്ബൂ തന്റെ മുന്‍ ട്വീറ്റുകളില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസ് സിബിഐക്ക് കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് നടി ഇപ്പോള്‍ പറയുന്നത്.
”അതെ, വാസ്തവത്തില്‍ ഞാന്‍ അതിനെ(ഹത്രാസ് സംഭവം)ക്കുറിച്ച് വളരെ ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ യോഗി ആദിത്യനാഥ് ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്,” ഖുഷ്ബു ചൂണ്ടിക്കാട്ടി. അതേസമയം, ഹത്രാസ് സംഭവത്തില്‍ ഇരയുടെ കുടുംബത്തിന് നേരെ തിരിഞ്ഞ യോഗി സര്‍ക്കാറിന്റെ നടപടിയിലും വിഷയത്തില്‍ ഉന്നയിച്ച രൂക്ഷമായ പ്രതികരണത്തില്‍ ഖുഷ്ബു മൗനം പൂണ്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ യോഗി സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിലാണ് കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷണം ഏറ്റെടുത്തടുത്ത്. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പൊലീസിനെതിരെ തെളിവ് നശിപ്പിക്കലടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഖുഷ്ബു യോഗിയെ വെള്ള പൂശിയത്.
അതിനിടെ, ഹാത്രസ് സംഭവത്തെ സമാനവത്കരിക്കാനും ഖുഷ്ബു ശ്രമം നടത്തി. ഹാത്രസ് നടന്നപ്പോള്‍ ഞങ്ങള്‍ ചെന്നൈയിലും തമിഴ്നാടിലും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ 19 വയസുള്ള ഒരു കുട്ടിയെ തമിഴ്നാട്ടില്‍ കൂട്ടബലാത്സംഗം ചെയ്തതില്‍ ആരും സംസാരിച്ചില്ലെന്നും ഖുഷ്ബു വിമര്‍ശിച്ചു. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍ വരാതിരുന്നതെന്നും, മഹാരാഷ്ട്രയില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലേക്ക് പോകാതിരുന്നതെന്നും ഖുഷ്ബു ചോദിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിട്ടാണോ ബിജെപിയിലേക്കുള്ള പ്രവേശനമെന്ന ചോദ്യത്തോട്, തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചും ടിക്കറ്റ് നേടുന്നതിനെക്കുറിച്ചും എനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു ഖുഷ്ബുവിന്റെ മറുപടി. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ”എനിക്കറിയില്ല, ഞാന്‍ മുഖമാണെന്ന് അവര്‍ കരുതുന്നുവെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു” എന്നും ഖുഷ്ബു പറഞ്ഞു.
മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബു കോളിവുഡില്‍ താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്‍ കോണ്‍ഗ്രസിലും ചേര്‍ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.