കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് തുര്‍ക്കിയിലും സിറിയയിലുമായി ഭൂകമ്പത്തില്‍ നഷ്ടപ്പെട്ടത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം വളരെ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഏഴ് വയസ്സുള്ള പെണ്‍കുട്ടി, ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് കഷ്ണം തന്റെ സഹോദരന്റെ തലയില്‍ വീഴാതിരിക്കാന്‍ താങ്ങിപിടിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്.
ഏകദേശം 17 മണിക്കൂറോളം ഇതേ രീതിയില്‍ ആ കൊച്ചുപെണ്‍കുട്ടിയും സഹോദരനും കിടക്കേണ്ടിവന്നു. അതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സുരക്ഷിതമായി പുറത്തെടുത്തത്. ഇപ്പോള്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ധീരയായ പെണ്‍കുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്.