ഡല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ അര്‍ണബിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ അര്‍ണബിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അര്‍ണബിനെതിരെ ട്വിറ്ററില്‍ AntiNationalBJPArnab എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് അറിയണം ഏത് രാജ്യദ്രോഹിയാണ് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് മുന്‍കൂട്ടി അര്‍ണബിനോട് പറഞ്ഞതെന്നാണ് AntiNationalBJPArnab എന്ന ഹാഷ്ടാഗില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. രാജ്യ സുരക്ഷയെക്കാള്‍ വലുതാണോ ടി.ആര്‍.പി എന്ന് ട്രൈബല്‍ ആര്‍മി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അര്‍ണബിന് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് വിവരം നേരത്തെ എത്തിച്ചതെന്നാണ് മറ്റൊരു ട്വീറ്റ്. രാജ്യദ്രോഹിയായ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് പലരും ട്വീറ്റ് ചെയ്യുന്നുണ്ട്.
ഒരു സ്വകാര്യ വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളെക്കുറിച്ച് അറിയാനും അത് വാട്‌സ് ആപ്പിലൂടെ പങ്കിടാനും കഴിയുന്നത്? ആരാണ് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയത്? യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇങ്ങനെ ഒരു ലക്ഷത്തിനടുത്തോളം ട്വീറ്റുകളാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ വന്നിരിക്കുന്നത്.വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.