തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായി പരാതി. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസിലായത്.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ്.എ.ടി ആസുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.വലിയതുറ സ്വദേശിയായ 22 കാരി അല്‍ഫിന അലിയെയാണ് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
അല്‍ഫിനയുടെ രണ്ടാം പ്രസവം സിസേറിയനായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വേദന കുറയാതിരുന്ന ഘട്ടത്തില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിങ്ങിന് വേധയമായിപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ടുകള്‍ കണ്ടെത്തിയത്.
വയറിനുള്ളില്‍ പഴുപ്പും നീര്‍ക്കെട്ടുമുണ്ടായി. തുടര്‍ന്നാണ് വേദന കലശലായത്. വയറില്‍ അണുബാധയുമുണ്ടായിട്ടുണ്ട്. എസ്.എ. ടി ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ആദ്യം കീഹോള്‍ സര്‍ജറി നടത്തിയെങ്കിലും അത് വിജയം കാണാത്തതിനെ തുടര്‍ന്ന് വയറു കീറി ശസ്ത്രക്രിയ ചെയ്ത് പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു.
തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൈപ്പിഴ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനാണ് അവര്‍ പറഞ്ഞത്.
19 ദിവസത്തിനുള്ളില്‍ മൂന്ന് ശസത്രക്രിയകള്‍ക്കാണ് വിധേയമാക്കിയത്. ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സാധാരണഗതിയില്‍ എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ ഡോക്ടറുടെ വിശദീകരണം.