X

തിരുവനന്തപുരത്തെ ഇരട്ടക്കൊലപാതകം; ആറുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ ആറു പേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയും ഉള്‍പെടെ ആറുപേരാണ് കസ്റ്റഡിയിലായത്. കൊലപാതകത്തിന് ശേഷം ഷജിത് വാട്‌സാപ്പ് ഗ്രൂപ്പില്‍ കറുത്ത കൊടിയുടെ ചിഹ്നം ഇട്ടിരുന്നു.

അതേസമയം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നതെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുന്നതായി ആരോപണമുണ്ട്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയാണ് ഇത്തരത്തില്‍ ദിശമാറ്റിയതായി പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇന്ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജങ്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുമ്പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്പി പിബി അശോകന്‍ വ്യക്തമാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോണ്‍ഗ്രസ്-സിപിഎം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ആറു പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷി മൊഴികളുണ്ട്.

 

web desk 1: