X

തിരിച്ചറിയപ്പെടാതെ കോവിഡ് ബാധിതന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത് അഞ്ച് ദിവസം; ഗുരുതര വീഴ്ച്ച

കൊല്ലം: ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന്റെ പേരില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ കിടന്നത് അഞ്ചു ദിവസം. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ആരോഗ്യവകുപ്പിന്റെ ഗുരതര അനാസ്ഥയുടെ ഇരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞ് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് സംഭവത്തിലേക്ക് നയിച്ചത്.

82 വയസുകാരന്‍ സുലൈമാന്‍ കുഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിനായുളള ആഹാരം എത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മകന്‍ നൗഷാദ്. കോവിഡ് രോഗിയായ സുലൈമാന്‍ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണെന്നായിരുന്നു ആരോഗ്യവകുപ്പ് കുടുംബത്തെ അറിയിച്ചത്.

സുലൈമാനായി എല്ലാ ദിവസവും മകന്‍ എത്തിച്ചിരുന്ന ആഹാരവും വസ്ത്രവുമെല്ലാം ആശുപത്രി അധികൃതര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. ഒടുവില്‍ ഈ മാസം 16 ന് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം രോഗമുക്തനായ പിതാവിനെ കൂട്ടിക്കൊണ്ടു പോകാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ മാത്രമാണ് ചികില്‍സയിലുണ്ടായിരുന്നത് സുലൈമാന്‍ എന്നു പേരുളള മറ്റൊരാളാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് കുടുംബം ബഹളം വച്ചതോടെ നാലു മണിക്കൂര്‍ നേരം നീണ്ട അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ സുലൈമാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ മാസം 13ന് തന്നെ മരിച്ചിരുന്നെന്നും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ് എന്നും വ്യക്തമാവുകയായിരുന്നു.

തലവൂര്‍ എന്ന സുലൈമാന്റെ സ്ഥലപ്പേര് തൈക്കാവൂര്‍ എന്നു ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയതാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് വഴിവച്ചത്.

Test User: