ജനങ്ങളുടെ അധ്വാനഫലംകൊണ്ട് സുഖിച്ചുജീവിക്കുന്ന അധികാരികളെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ നാട്ടില്‍ ഇതിനകംതന്നെ പാട്ടാണ്. നിയമാനുസൃതം കിട്ടുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പുറമെയാണ് ജനങ്ങളുടെ പണം ചിലര്‍ കൊള്ളചെയ്യുന്നത്. അതിലൊന്നാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും പകല്‍കൊള്ളയും. പാവപ്പെട്ടവരടക്കമുള്ള നിരവധി പേരുടെ നികുതിപ്പണം സ്വന്തം കീശയിലാക്കിയ കഥയാണ് അടുത്ത കാലത്തായി പുറത്തുവന്നതും ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും പ്രതിഷേധ സമരങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളതും. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സോണല്‍ കേന്ദ്രങ്ങളില്‍ നിന്നായി നികുതിയായി പിരിച്ചെടുത്ത 30 ലക്ഷത്തിലധികം രൂപ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തട്ടിയെടുത്തതായി ഓഡിറ്റ് വിഭാഗമാണ് കണ്ടുപിടിച്ചത്. കോവിഡ് കാലത്ത് ജീവിതംതന്നെ വഴിമുട്ടിയ ജനങ്ങളെ ഇത്തരത്തില്‍ അധികാരികള്‍ ചേര്‍ന്ന് വഞ്ചിച്ചത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. സര്‍ക്കാരിന്റെ തദ്ദേശ വകുപ്പിന് കീഴിലെ ഓഡിറ്റ് വിഭാഗത്തിലെ ആത്മാര്‍ത്ഥരായ ചില ഉദ്യോഗസ്ഥരില്ലായിരുന്നെങ്കില്‍ ഈ പകല്‍ തീവെട്ടിക്കൊള്ള ആരാലും കണ്ടുപിടിക്കപ്പെടില്ലായിരുന്നു. കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഒറ്റനോട്ടത്തില്‍ പറയപ്പെടുന്നതെങ്കിലും ഭരണസമിതിക്കകത്തെയും പുറത്തെയും രാഷ്ട്രീയക്കാരിലേക്ക് തട്ടിപ്പിന്റെ സംശയമുനകള്‍ നീളുകയാണ്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാമേയര്‍ എന്ന അഭിമാനത്തിന് പാത്രമായ കോര്‍പറേഷനാണ് തിരുവനന്തപുരം. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ഇടതുപക്ഷം തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തുകയായിരുന്നു. 10 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള കോര്‍പറേഷനില്‍ 100 ഡിവിഷനുകളില്‍ 56 സീറ്റുകളിലാണ് ഇടതു സഖ്യം വിജയിച്ച് തുടര്‍ഭരണം പിടിച്ചത്. ത്രികോണ മത്സരം പ്രവചിക്കപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് 34 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാനായത്. യു.ഡി.ഫിന് ലഭിച്ചത് 10 സീറ്റും.
ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ എന്നിട്ടുപോലും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന് ഇവിടെ കഴിഞ്ഞില്ല എന്നതിന് ഒന്നാംതരം തെളിവാണ് ഈ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ്. അഴിമതി കയ്യോടെ പിടികൂടപ്പെട്ടിട്ടും അതിന്മേല്‍ സത്വര നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെയും മഹാനഗരത്തിന്റെയും പണം തിരിച്ചുപിടിക്കാന്‍ ഭരണ സമിതിയോ സി.പി.എം നേതൃത്വമോ തയ്യാറല്ല. ആരും പരിഭ്രാന്തരാകരുതെന്നും പണം നഷ്ടപ്പെടില്ലെന്നും ഒഴുക്കന്‍ മട്ടിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. ഭരണ പരിചയവും പക്വതയുമില്ലാത്ത ഒരാളെ യുവപ്രാതിനിധ്യമെന്ന മേനിനടിച്ച് കോര്‍പറേഷന്റെ ഉത്തുംഗപദവിയില്‍ അവരോധിക്കുമ്പോള്‍ തന്നെ മറ്റുള്ളവരായിരിക്കും ഭരണം നിയന്ത്രിക്കുകയെന്ന് ആരോപണം ഉയര്‍ന്നതാണ്. പഴയ മേയറും മേയറാകുമെന്ന് കരുതപ്പെട്ടവരും നേരിട്ട പരാജയം മുന്‍ഭരണത്തിന്റെ പരാജയത്തെയാണ് തുറന്നുകാട്ടിയത്. എന്നിട്ടും പാഠംപഠിക്കാന്‍ ഇടതുപക്ഷമോ സി.പി.എമ്മോ തയ്യാറായില്ല.
നികുതി വെട്ടിപ്പിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തിവരുന്ന സമരം ജനങ്ങളുടെ ഉത്കണ്ഠയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള സാമാന്യബോധം സി.പി. എം നേതൃത്വം പ്രകടിപ്പിക്കണം. വിവര സാങ്കേതിക വിദ്യയുടെ കാലത്ത് ഒരു രൂപ പോലും വ്യക്തവും കൃത്യവുമായി രേഖപ്പെടുത്തപ്പെടുമെന്നിരിക്കെ തട്ടിപ്പ് എന്തുകൊണ്ട് ഉത്തരവാദപ്പെട്ടവര്‍ അറിയാതെ പോയി? സംസ്ഥാനത്തെ ഇടതുപക്ഷം ഭരിക്കുന്ന കരുവന്നൂര്‍ ഉള്‍പ്പെടെ 34 സഹകരണ സ്ഥാപനങ്ങളില്‍ സഹസ്ര കോടികളുടെ വെട്ടിപ്പാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അന്താരാഷ്ട്ര സ്വര്‍ണക്കടത്തുള്‍പ്പെടെ ഭരണസിരാകേന്ദ്രങ്ങളും ഭരണപാര്‍ട്ടിയും പങ്കെടുത്ത ശതകോടികളുടെ പകല്‍ക്കൊള്ള വേറെയും. എവിടേക്കാണ് ഇവരീ നാടിനെ കെട്ടിവലിച്ചുകൊണ്ടുപോകുന്നത്. കെ.എസ്. ആര്‍.ടി.സിയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥ കഴിഞ്ഞദിവസമാണ് പിടിക്കപ്പെട്ടത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ അഴിമതിയും പുറത്തുവന്നിരിക്കുന്നു. തിരുവനന്തപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനങ്ങളുടെ നികുതിപ്പണം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളിലും പ്രത്യേക ഓഡിറ്റ് പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ഇതിലുള്‍പ്പെട്ട ഒരാളെയും വെറുതെ വിട്ടുകൂടാ. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.