തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിവരാവകാശ രേഖ പുറത്ത്. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍, വിമാനത്താവള ലേലത്തില്‍ പങ്കെടുക്കാന്‍ ഏല്‍പ്പിച്ചത് സ്വകാര്യ കണ്‍സല്‍ട്ടന്‍സിയെ ആണ് എന്നതാണ് ഏറെ കൗതുകകരം. ഇതിന് ഖജനാവില്‍ നിന്ന് ചെലവാക്കിയത് 2.36 കോടിയും. സ്വകാര്യവത്കരണം തടയാനുള്ള പ്രോജക്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെപിഎംജിയെ ആണ്. വിവരാവകാശ രേഖക്ക് മറുപടിയായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി തന്നെയാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കെഎസ്‌ഐഡിസി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനാണ് 2.36 കോടി രൂപ ചെലവഴിച്ചത്. പ്രോജക്ട് തയ്യാറാക്കാന്‍ വേണ്ടി കെപിഎംജിക്ക് നല്‍കിയത് ഒന്നരക്കോടിയിലേറെ രൂപ. പ്രഫഷണല്‍ ഫീസായി സിറിള്‍ അമര്‍ ചന്ദ് മംഗല്‍ദാസ് എന്ന നിയമ സ്ഥാപനത്തിന് നല്‍കിയത് അരലക്ഷം രൂപയിലേറെ. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നല്‍കിയത്.
ലേലത്തിന് മുന്നോടിയായുള്ള പരസ്യത്തിനും സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്; 5,77,752 രൂപ. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലേല ഫീസായി 7,78,800ഉം ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ 7,83,030 രൂപയും നല്‍കി. പൊതുമേഖലയില്‍ സാങ്കേതിക കണ്‍സള്‍ട്ടന്‍സികളായ കിറ്റ് കൊ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് രാജ്യാന്തര സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ഇക്കാര്യത്തില്‍ വ്യക്തമാകുന്നത്.