X

അദാനിയോട് തോല്‍ക്കാന്‍ അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തെ തന്നെ കൂട്ടുപിടിച്ചു; വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ലേലനടപടികള്‍ക്ക് കേരളം വിദഗ്‌ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തില്‍ നിന്ന്. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം പൊള്ളയായയതും ദുരുദ്ദേശപരവുമാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടി. മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്‍ട്ണറാണ് കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനി. ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ ഈ സ്ഥാപനം ഘടകമായെന്ന് കെഎസ്‌ഐഡിസി നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. ഇതോടെ വലിയ പ്രതിഷേധം ഉയര്‍ത്തിയ സിപിഎമ്മിനെ പരിഹസിച്ചും പ്രതിഷേധിച്ചും പ്രതിപക്ഷം രംഗത്തെത്തി.
‘ബൂര്‍ഷ്വയെ തോല്‍പിക്കാന്‍ ബൂര്‍ഷ്വയുടെ അപ്പനാവണം. അദാനിയെ തോല്‍പ്പിക്കാന്‍ അദാനിമോന്റെ അമ്മായിഅപ്പനെ കൂട്ടുപിടിക്കണം’ മുഖ്യമന്ത്രിയെ പരിഹസച്ച് വി.ടി ബല്‍റാം കുറിച്ചു. ശബരിനാഥനും ഷിബുബേബി ജോണും അടക്കമുള്ള നേതാക്കള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി.
ശബരിനാഥന്റെ കുറിപ്പ്: കേരള സര്‍ക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെന്‍ഡറില്‍ നിയമപരമായി സഹായിച്ചത് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് (CAM) എന്ന പ്രശസ്തനായ ലീഗല്‍ കമ്പനിയാണ്. KSIDC വഴി 55 ലക്ഷം രൂപ ഡിസംബര്‍ 2019 ഇവര്‍ക്ക് ഫീസ് ഇനത്തില്‍ നല്‍കി.
അമര്‍ചന്ദ് കമ്പനിയുടെ മേധാവി സിറില്‍ ഷെറോഫിന്റെ മകളാണ് കരണ്‍ അദാനിയുടെ ഭാര്യ.എന്നുമാത്രമല്ല ഈ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയാണ് (Partner) ഈ വ്യക്തി.

ഇതിന്റെ അര്‍ത്ഥം അദാനിക്കുവേണ്ടി ടെന്‍ഡര്‍ മനഃപൂര്‍വം തോല്‍ക്കാന്‍ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സര്‍ക്കാര്‍ നേരിട്ട് ചുമതലപ്പെടുത്തി.എന്നിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭയില്‍ പ്രമേയം, സര്‍വകക്ഷി യോഗം, CPM സമരം, കത്തെഴുത്ത്, ഇമെയില്‍ സമരം തുടങ്ങിയ പ്രഹസന്നങ്ങള്‍. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച LDF സര്‍ക്കാരുമായി എയര്‍പോര്‍ട്ട് വിഷയത്തില്‍ സഹകരിക്കണമോ എന്നുള്ളത് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണം.

ഷിബുബേബി ജോണ്‍: അധികാരത്തില്‍ വന്ന നാള്‍ മുതല്‍ പിണറായി വിജയന്‍ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ, പിണറായി സര്‍ക്കാരിന്റെ എല്ലാ അഴിമതികളുടെയും മറയായ കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെയും.
എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തെ നാമെല്ലാം ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ഒരു ഭാഗത്ത് എതിര്‍ക്കുകയും മറുഭാഗത്ത് എയര്‍പോര്‍ട്ട് അദാനിയ്ക്ക് വില്‍ക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ നിലപാട് തികച്ചും വിചിത്രമാണ്.
എയര്‍പോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം അന്നേ സംശയമുണര്‍ത്തിയതാണ്. Highest bid നെക്കാള്‍ 19.64% വ്യത്യാസത്തില്‍ ക്വാട്ടിങ് നടത്തി അദാനിയ്ക്ക് വേണ്ടി മനപ്പൂര്‍വം പുറത്തായതാണെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. എന്തായാലും എയര്‍പോര്‍ട്ട് വാങ്ങാന്‍ വന്നവര്‍ക്ക് കണ്‍സള്‍ട്ടന്‍സി വകയില്‍ അരക്കോടി രൂപ കൂടി കൊടുത്തുവിട്ട പിണറായി വിജയന്റെ വലിയ മനസ് ആരും കാണാതെ പോകരുത്.

 

web desk 1: