X

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ പ്രമേയവുമായി ടി.വി.കെ; ജാതി സെൻസസ് നടപ്പാക്കാത്തതിന് ബിജെപിക്ക്‌ വിമർശനം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് പ്രമേയം പാസാക്കി നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം. ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിങ്ങിലാണ് പ്രമേയം പാസാക്കിയത്. നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണം എന്ന ആവശ്യമുന്നയിച്ചും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പാസാക്കി. പരീക്ഷ തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ജാതി സെന്‍സസ് നടത്താത്തതിന് ഭരണത്തിലിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു.

സാമൂഹിക നീതി, മതനിരപേക്ഷത, കോടതികളിലുള്‍പ്പെടെ ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രോത്സാഹിപ്പിക്കുക, ഗവര്‍ണര്‍ സ്ഥാനം ഒഴിവാക്കുക എന്നിവയാണ് വിജയ് മുന്നിലേക്ക് വയ്ക്കുന്ന പ്രധാനആശയങ്ങള്‍. തമിഴ് ദേശീയതയും ദ്രാവിഡ രാഷ്ട്രീയവുമാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടെ അടിസ്ഥാനമെന്നാണ് വിജയ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ‘ഇത് രണ്ടും ഞങ്ങളുടെ മണ്ണിന്റെ രണ്ട് കണ്ണുകളാണ്’ എന്നായിരുന്നു വിജയ്‌യുടെ വാക്കുകള്‍.

ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് മാത്രമല്ലാതെ കൂടുതല്‍ ആളുകളിലേക്കെത്തണമെന്ന ഉദ്ദേശ്യത്തിലാണ് മതനിരപേക്ഷതയും സാമൂഹിക നീതിയും ഐക്യവും സാമൂഹിക വളര്‍ച്ചയും പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം മത്സരിക്കുമെന്ന് വിജയ് സമ്മേളനത്തില്‍ അറിയിച്ചു.

webdesk13: