മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രഥമ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചെയര്‍മാനും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍, ദൃശ്യമാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആര്‍. പാര്‍വതീദേവി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് 2021ലെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാള ടെലിവിഷന് സൗന്ദര്യശാസ്ത്രപരമായ അടിത്തറ പാകിയ പ്രതിഭയാണ് ശ്യാമപ്രസാദ് എന്ന് ജൂറി അഭിപ്രായപ്പെട്ടു. 1984 മുതല്‍ 1994 വരെയുള്ള പത്തു വര്‍ഷക്കാലയളവില്‍ ടെലിവിഷന്‍ മാധ്യമത്തിന്റെ സകലമാന ദൃശ്യസാധ്യതകളെയും സൗന്ദര്യാത്മകമായി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ദൂരദര്‍ശനുവേണ്ടി മികച്ച പരിപാടികള്‍ ഒരുക്കി. ടെലിവിഷന്‍ മാധ്യമത്തിന് നവഭാവുകത്വം പകര്‍ന്ന ശ്യാമപ്രസാദ് പില്‍ക്കാലത്ത് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് ക്വാളിറ്റി ടെലിവിഷന്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കുകയും ഈ മാധ്യമരംഗത്തിന് മൂല്യവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്തുവെന്ന് ജൂറി വിലയിരുത്തി.