X

‘വായനയാണ് ബലം’ ലാന്റ് റവന്യൂ കമ്മീഷണർ ടി.വി അനുപമ ഐ.എ.എസ് സംസാരിക്കുന്നു

ടി.വി അനുപമ ഐ.എ.എസ്/ പി. ഇസ്മായില്‍

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്‍ക്കും ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചു. നിലവില്‍ ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.

ഐ എ എസ് മോഹം?

ഐ.എ.എസ് കുട്ടിക്കാലം മുതല്‍ക്കേയുളള മോഹമായിരുന്നു. അമ്മയും അച്ഛനും ഇതേപ്പറ്റി എനിക്ക് പറഞ്ഞുതന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ ഉയര്‍ന്ന മാര്‍ക്കില്‍ പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങില്‍ വച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ ആ ഇഷ്ടം കൂടുതല്‍ ശക്തമായി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയര്‍ ഓഫിസര്‍മാരുടെ പ്രസംഗങ്ങളും അഭിമുഖസംഭാഷണങ്ങളും എന്നില്‍ സ്വാധീനം സൃഷ്ടിച്ചു. ഗ്രാജുവേഷന്‍ ഗോവയിലെ ബീറ്റ്സ് പിലാനിയിലായിരുന്നു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ലഭിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുമെന്ന് പൂര്‍ണ ഉറപ്പുമുണ്ടായിരുന്നില്ല. എന്നിട്ടും സിവില്‍ സര്‍വ്വീസെന്ന കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. സിവില്‍ സര്‍വ്വീസില്‍ മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങള്‍. ആദ്യ ചാന്‍സില്‍ നാലാം റാങ്കോടെ പാസായി.

ടൈംടേബിള്‍ ക്രമീകരണം

സിവില്‍ സര്‍വീസിനു തയ്യാറെടുപ്പ് നടത്തുന്നത് വരെ ചിട്ടയായ പഠന രീതി ഉണ്ടായിരുന്നില്ല. ക്ലാസെടുക്കുന്നത് പരമാവധി ശ്രദ്ധിച്ച് കേട്ടുപഠിക്കുന്നതായിരുന്നു രീതി. കോളജിലായിരുന്നപ്പോഴും പരീക്ഷക്ക് വേണ്ടിയുള്ള പഠനമാണ് അവലംബിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരിശീലനത്തില്‍  ഓരോ തവണയും ഓരോ സിലബസ് എപ്പോള്‍ പഠിച്ചു തീര്‍ക്കണമെന്ന് കൃത്യമായി ഷെഡ്യൂള്‍ ചെയ്തു തുടങ്ങി.

അഭിമുഖത്തിലെ ചോദ്യങ്ങള്‍?

ഇന്റര്‍വ്യൂവില്‍ പ്രധാനമായും കേരളത്തെ കുറിച്ചായിരുന്നു ചോദ്യം. എന്റെ ജീവിത പശ്ചാത്തലവും എഞ്ചിനീയറിങ് കാലത്തെ കുറിച്ചും അഭിരുചികളെ കുറിച്ചും ചോദിച്ചിരുന്നു. വായനയെ കുറിച്ചും വായിച്ച പുസ്തകങ്ങള്‍ സംബന്ധിച്ചും ഇന്ത്യയുടെ വികസനവും സാമ്പത്തിക സ്ഥിതി തുടങ്ങിയ പ്രസക്തമായ ഭാഗങ്ങളില്‍ നിന്നുള്ള മറ്റുപല ചോദ്യങ്ങളുമുണ്ടായിരുന്നു.

വിജയ മന്ത്രങ്ങള്‍?

ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം. പത്രവായന മുടങ്ങരുത്. മികച്ച ലൈബ്രറയില്‍ അംഗത്വം എടുക്കണം. വായിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഐഛിക വിഷയങ്ങള്‍ സ്വന്തം താല്പര്യത്തിന് അനുസരിച്ചു തെരഞ്ഞെടുക്കണം. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് വസ്തുതകള്‍ മാത്രം അറിഞ്ഞാല്‍ മതിയാവില്ല. ഉത്തരം എഴുതാന്‍ സഹായിക്കുന്ന അഭിപ്രായങ്ങളും വിശകലനങ്ങളും വായിക്കണം. ദേശീയ സംഭവവികാസങ്ങള്‍, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചു ധാരണയുണ്ടായിരിക്കണം.

കേഡര്‍ നിര്‍ണ്ണയ രീതികള്‍

മുന്‍ വര്‍ഷങ്ങളിലെ കേഡര്‍ നിര്‍ണയത്തില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥിക്ക് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നു. മൂന്ന് വേക്കന്‍സിയില്‍ രണ്ടെണ്ണം മറ്റു സംസ്ഥാനക്കാര്‍ക്കും ഒരെണ്ണം സ്വന്തം സംസ്ഥാനക്കാര്‍ക്കും എന്ന ഇന്‍സൈഡര്‍ വേക്കന്‍സിയിലെ വണ്‍ തേഡ് സിസ്റ്റത്തില്‍ വന്നാല്‍ മാത്രമാണ് സ്വന്തം സംസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുക. എല്ലാവര്‍ക്കും സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്യാന്‍ ഇഷ്ടമുണ്ടാവും. നാടിനെ അറിഞ്ഞു സേവനം ചെയ്യാന്‍ കഴിയും എന്നതാണ് അതിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്‍ മുന്‍വിധിയും സമ്മര്‍ദവുമില്ലാതെ  ജോലി ചെയ്യാന്‍ കഴിയും എന്നത് ഔട്ട് സൈഡര്‍ വേകന്‍സിയുടെ ഗുണമാണ്. ഏത് കേഡറാണെങ്കിലും അതിന്റേതായ മേന്മകളുണ്ട്. വേര്‍തിരിച്ച് കാണേണ്ടതില്ല.

കേഡര്‍ സോണുകള്‍ ഏതെല്ലാം?

നിലവിലെ കേഡര്‍ നിര്‍ണയത്തില്‍ സോണുകളാക്കി തിരിക്കുന്ന രീതിയാണുള്ളത്. ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിച്ചു ഓപ്ഷന്‍ കൊടുക്കുന്ന രീതി തടയലാണ് സോണ്‍ വിഭജനത്തിന്റെ ലക്ഷ്യം.
വിവിധ കേഡര്‍ സോണുകള്‍
1. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന.
2. ഉത്തര്‍ പ്രേദേശ്, ബീഹാര്‍, ഛാര്‍ഖണ്ഡ്, ഒഡിഷ.
3. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്. ഛത്തിസ്ഘട്ട്
4. വെസ്റ്റ് ബംഗാള്‍, സിക്കിം, അസം, മേഘാലയ, മണിപ്പൂര്‍. നാഗാലാന്റ്, ത്രിപുര
5. തെലങ്കാന, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം.
ഉദ്യോഗാര്‍ഥികള്‍ അഞ്ചു സോണിലും പ്രിഫറന്‍സ് കൊടുക്കണം. അത് കൂടാതെ ഓരോ സോണിലും പ്രിഫ്രന്‍സ് കൊടുക്കണം. കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് സ്വന്തം സംസ്ഥാനത്ത് അവസരം കിട്ടാന്‍ മെറിറ്റിനോടൊപ്പം സോണ്‍ പ്രിഫറന്‍സും സോണിലെ കേഡര്‍ പ്രിഫറന്‍സും നിര്‍ബന്ധമാണ്.

കളക്ടറുടെ ഇലക്ഷന്‍ റോള്‍

പാര്‍ലിമെന്റ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്ന നിലയില്‍ കളക്ടറാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ലോകസഭ ഇലക്ഷനിലെ റിട്ടേണിങ് ഓഫിസറും കളക്ടറാണ്. അതിനാല്‍ ഏകോപനത്തിനൊപ്പം നടത്തിപ്പും കലക്ടറുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്ല ഒരു സിസ്റ്റം രാജ്യത്തുണ്ട്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. ഇവിടെ മികച്ച ഉദ്യോഗസ്ഥരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരും പ്രവര്‍ത്തിക്കുന്നത് കാണാറുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് കലക്ടറാണ്. വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള വോട്ടിംഗ് മെഷീന്‍ വിതരണം, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്.

ഐ.എ.എസ് വേണ്ടായിരുന്നു എന്ന തോന്നല്‍?

ഐ.എ.എസ് ഒട്ടേറെ സമ്മര്‍ദമുള്ള ജോലിയാണെങ്കിലും ഒരിക്കലും ഇത് തെരഞ്ഞുടുത്തതു തെറ്റായി എന്നോ വേണ്ടിയിരുന്നില്ല എന്ന തോന്നലുകളോ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്‍ക്കുമുള്ളത് പോലെ നല്ലതും ചീത്തയും സിവില്‍ സര്‍വീസിലുമുണ്ട്. നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന സമയവും ചെയ്യാന്‍ പറ്റാത്ത സാഹചര്യവും ഈ ജോലിയിലുമുണ്ട്. വിഷമങ്ങള്‍ക്കൊപ്പം കുറെയേറെ സന്തോഷമുഹൂര്‍ത്തങ്ങളും അനുഭവിക്കാറുണ്ട്. തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാന്‍ കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവില്‍ സര്‍വീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമര്‍പ്പണവും ഈ പ്രൊഫഷന്‍ ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കേണ്ടി വരിക.

വിഷ രഹിത കേരളം: പോരാട്ടത്തിലെ ഓര്‍മ്മകള്‍

ഭക്ഷണ ശാലകളുടെ എണ്ണക്കൂടുതല്‍ കേരളീയരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നത്. സ്ഥല പരിമിതിയും സമയ കുറവും മൂലം പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്തു മായം കലര്‍ത്തി ഭക്ഷണം രുചികരവും ആകര്‍ഷവുമാക്കാനുള്ള ശ്രമവും കൂടിവരികയാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്ന അപകടം നിറഞ്ഞ പ്രവണതക്കെതിരെ ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ച സമയത്ത് ചില ഇടപെടലുകള്‍ നടത്തിയിരുന്നു. പരിശോധന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കടകളില്‍ കയറിയും സാമ്പിളുകള്‍ പരിശോധിച്ചുമാണ് മായം പിടികൂടിയത്. എന്നെ സംബന്ധിച്ച് അത് ഭക്ഷ്യവകുപ്പ് ചുമതലകളുടെ തുടക്കമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ആ വകുപ്പില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ചെറിയ ഡിപ്പാര്‍ട്‌മെന്റ് ആയതിനാല്‍ നല്ല ഒത്തിണക്കവും സാധ്യമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ലോഭമായ പിന്തുണയും ലഭിച്ചു. ഭക്ഷണശാലകളുടെ എണ്ണത്തിനനുസരിച്ചുള്ള ഉദ്യോസ്ഥരില്ലാത്തത് പോരായ്മകള്‍ക്ക് കാരണമായിട്ടുണ്ടാവാം.

മറക്കാനാവാത്ത സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം കലക്ടര്‍മാരുടെ തിരക്കുപിടിച്ച ദിവസമാണ്. എന്നാല്‍ 2018ലെ സ്വാതന്ത്ര്യ ദിനം എന്നെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വെച്ച് പരേഡ് പൂര്‍ണമായും നടത്താനായില്ല. പവലയിന്റെ അടുത്തുവെച്ച് തന്നെ സല്യൂട്ട് സ്വീകരിക്കലും ഫ്‌ളാഗ് സെറിമണിയും നടത്തേണ്ടിവന്നു. അന്ന് വൈകുന്നേരത്തോടെ പരേഡ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. നിര്‍ത്താതെ പെയ്ത മഴയില്‍ തൃശൂരിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലായി. നൂറ്റാണ്ട് കണ്ട പ്രളയത്തിലേക്ക് നീങ്ങുകയായിരുന്നു തൃശൂര്‍ ജില്ലയും. മുന്നനുഭവമില്ലാത്ത മഹാദുരന്തം നേരിടേണ്ടിവന്നതും അതിനെ അതിജയിക്കാനായി നടത്തിയ പോരാട്ടങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്വന്തം വീട്ടിലടക്കം വെള്ളംകയറിയിട്ടും സേവനനിരതരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ അഭിമാനവും സന്തോഷവും ചെറുതല്ല.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലെ ബന്ധം

സര്‍ക്കാരിന്റെ ഏതൊരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. എല്ലാത്തിനുമുപരി, അവര്‍ ജനങ്ങളുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരാണ്. നാടിന്റെ പുരോഗതിക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതേസമയം ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പടവുകളായി മാറിയ ലൈബ്രറികള്‍

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാടാണ് എന്റെ സ്വദേശം. അവിടെ മികച്ച ഒരു വായനശാല ഉണ്ടായിരുന്നു. അവിടത്തെ നവോദയ വായന ശാലയില്‍ ഞാന്‍ ഇഷ്ടം പോലെ സമയം ചിലവഴിച്ചിട്ടുണ്ട്. മലയാളം ഫിക്ഷനോടായിരുന്നു ഇഷ്ടം. യാത്ര വിവരണങ്ങളും വായിച്ചിരുന്നു. അച്ഛനും അമ്മയും നല്ല വായന ശീലമുള്ളവരായതിനാല്‍  വീട്ടിലും കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. കോളേജ് ലൈബ്രറിയില്‍ നിന്നാണ് സിവില്‍ സര്‍വീസ് സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപകരിച്ചിട്ടുണ്ട്. എന്റെ പ്രൊഫസറായ രാജശേഖരന്‍ സാറാണ് യൂണിവേഴ്‌സിറ്റി ലൈബ്രറി നിര്‍ദ്ദേശിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ സമയത്തും ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നു. വീട്ടിലെ വായന കുറവാണിപ്പോള്‍. യാത്രയിലാണ് കൂടുതലായി വായിക്കാറുള്ളത്. ഇ ബുക്ക് റീഡിംഗും കൂടെയുണ്ട്..

webdesk15: