കോഴിക്കോട്: കെ.ടി ജലീലിനെ രക്ഷിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പച്ചക്കള്ളം തട്ടിവിടുന്ന സിപിഎം നേതാക്കള്‍ കൂടുതല്‍ കുരുക്കിലാവുന്നു. കല്യാശേരി എംഎല്‍എ ടി.വി രാജേഷാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ മുഴുവന്‍ ലീഗുകാരാണ് എന്നായിരുന്നു ന്യൂസ് 18 ചാനലിലെ ചര്‍ച്ചയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ടി.വി രാജേഷ് പറഞ്ഞത്. എന്നാല്‍ ലീഗ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത നജീബ് കാന്തപുരം ഇത് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.
രാജേഷ് പറഞ്ഞ പ്രതികളില്‍ ഏതെങ്കിലും ഒരാള്‍ ലീഗില്‍ എന്തെങ്കിലും പദവി വഹിക്കുന്നവരോ വഹിച്ചവരോ ആണെന്ന് തെളിയിക്കാമോ എന്നായിരുന്നു നജീബിന്റെ ചോദ്യം. 24 മണിക്കൂറിനകം പ്രതികള്‍ ലീഗുകാരാണെന്ന് തെളിയിക്കുമെന്നും ഇല്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നുമായിരുന്നു രാജേഷ് ചര്‍ച്ചയില്‍ വീരവാദം മുഴക്കിയത്. തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് നജീബും പറഞ്ഞു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് 48 മണിക്കൂര്‍ പിന്നിട്ടിട്ടും തന്റെ ആരോപണം തെളിയിക്കാന്‍ രാജേഷിന് കഴിഞ്ഞിട്ടില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ജലീലിനെയും മുഖ്യമന്ത്രിയേയും രക്ഷിക്കാന്‍ ലീഗ്, യുഡിഎഫ് നേതാക്കള്‍ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുക എന്ന നയമാണ് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഓരോ ചര്‍ച്ചകളും വാര്‍ത്താസമ്മേളനങ്ങളും കഴിയുന്നതോടെ സിപിഎം പടുത്തുയര്‍ത്തുന്ന നുണക്കൂമ്പാരങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് കേരളം കാണുന്നത്.