X

അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ് മനുഷ്യജീവനെന്ന് സര്‍ക്കാര്‍തിരിച്ചറിയണം: ടി.വി.ഇബ്രാഹിം എം.എല്‍.എ.

കൊണ്ടോട്ടി : ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ടി.വി ഇബ്രാഹിം എംഎല്‍എ. ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സര്‍ക്കാരിന്റെയും അധികൃതരുടെയും പിടിവാശി കാരണം കൊണ്ടോട്ടി മണ്ഡലത്തിലെ തവനൂര്‍ സ്വദേശി എന്‍.സി ഷെരീഫിന്റെ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത കാരണത്താല്‍ ജീവന്‍ നഷ്ട്ടപ്പെട്ട സംഭവത്തില്‍ അതിയായി ദു:ഖിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ദുരവസ്ഥ ഇല്ലാതിരിക്കാന്‍ ഇതിന് കാരണക്കാരായ സര്‍ക്കാര്‍ ,സ്വാകാര്യ ആശുപത്രിയിലെ
ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
ഷെരീഫിന്റെ ഭാര്യയെ നേരത്തെ പതിവ് ചെക്കപ്പിന് വിധേയയാക്കിയപ്പോള്‍ കൊവിഡ് പൊസിറ്റിവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷം നെഗറ്റിവ് ആവുകയുംചെയ്തു. ഇതിനിടെ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പ്രസവ വേദനവന്നു ആശുത്രിയിലേക്ക് കൊണ്ടുപോയി.

കൊവിഡ് രോഗികള്‍ക്കു മാത്രമെ ചികിത്സയുള്ളൂവെന്ന് മഞ്ചേരി മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ഇവിടെ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും പറഞ്ഞ് കൈയൊഴിയുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് 14 മണിക്കൂര്‍ 3 ആശുപത്രി അതികൃതരോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാരോ,ഡോക്ടര്‍മാരോ ഗൗനിച്ചത് പോലുമില്ല . ഡി.എം.ഒ ഉള്‍പ്പെടെയുള്ളവരുമായും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായും സ്വകാര്യ ആശുപത്രിക്കാരോടും വീണ്ടും വീണ്ടും മണിക്കൂറുകള്‍ കാത്ത് നിന്ന് കെഞ്ചിപറഞ്ഞിട്ടും ഒരു രക്ഷയും ഉണ്ടായില്ല. ഈ സംഭവം സാക്ഷര കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.

ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നു പോലുമില്ല . ഈ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഇതിന്റെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കളക്ടര്‍ ,ഡി.എം.ഒ എന്നിവരുമായും സംസാരിച്ചു. മനുഷ്യന്റെ ജീവന്‍ കൊണ്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമായി അതികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും അവര്‍ ഗൗരവമായി എടുക്കുന്നില്ല .നിലക്കാത്ത പ്രതിഷേധങ്ങള്‍ ഇത്തരം അനീതികളെ എന്നന്നേക്കുമായി ഇല്ലാതാക്കട്ടെ …..

Test User: