കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ. സര്‍വ്വേ നമ്പര്‍ തെറ്റിയത് തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണെന്ന് കലക്ടര്‍ പറഞ്ഞു. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലാണ് കലക്ടര്‍ക്ക് പിഴവു പറ്റിയത്.
കോടതി അനുവദിച്ചാല്‍ തെറ്റ് തിരുത്തുമെന്ന് അനുപമ കോടതിയെ അറിയിച്ചു. തെറ്റ് ഓഫീസിലെ ക്ലറിക്കല്‍ പിശകാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, കായല്‍ കയ്യേറ്റ വിഷയത്തില്‍ ടി.വി.അനുപമക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ആലപ്പുഴ കലക്ടര്‍ നല്‍കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
തോമസ് ചാണ്ടിയുടെ പേരിലല്ലാത്ത ഭൂമിയുടെ സര്‍വ്വേ നമ്പറിലാണ് നോട്ടീസ് അയച്ചത്. ഇത് തെറ്റാണെന്ന് അറിഞ്ഞതോടെ വീണ്ടും നോട്ടീസ് അയച്ചു. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് കലക്ടറോ വിദ്യാര്‍ത്ഥിയോ? എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കലക്ടര്‍ കാര്യപ്രാപ്തിയില്ലെന്ന് തെളിയിച്ചു. മറ്റൊരു വ്യക്തിയുടെ പേരിലുളള സര്‍വ്വേ നമ്പര്‍ എങ്ങിനെ തെറ്റുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലംനികത്തല്‍ ആരോപണത്തില്‍ നേരത്തേ ആലപ്പുഴ ജില്ലാ കലക്ടര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്നു വരെയാണ് സ്‌റ്റേ അനുവദിച്ചത്. ഇന്ന് കോടതിയില്‍ ഹാജരായ ആലപ്പുഴ കളക്ടര്‍ ടിവി അനുപമ ഇക്കാര്യത്തില്‍ പിഴവു സംബന്ധിച്ചെന്ന് കോടതിയോട് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ഉണ്ടായത്.