X

തുവ്വൂര്‍ കൊലപാതകം; മുഖ്യപ്രതി വിഷ്ണുവിനെ പുറത്താക്കി കോണ്‍ഗ്രസ്

തുവ്വൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ല പ്രസിഡന്റ് ഷാജി പച്ചേരി വാര്‍ത്താക്കുറിപ്പിലൂടെയാണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടനാപരമായ കാരണങ്ങളാല്‍ മെയ് മാസത്തില്‍ തന്നെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നതായാണ് അറിയുന്നത്.

തുവ്വൂര്‍ കൃഷിഭവനില്‍ താല്ക്കാലിക ജീവനക്കാരിയായിരുന്ന സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ വിഷ്ണു ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. പിതാവ് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ നിന്ന് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.

ആഗസ്റ്റ് 11നാണ് കൃഷിഭവനില്‍ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഐ.എസ്.ആര്‍.ഒയില്‍ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.

വിഷ്ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത വിഷ്ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം 8 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് പ്രതികള്‍ വിറ്റതായാണു വിവരം.

കൊലക്കുശേഷം വിഷ്ണുവിെന്റ വീട്ടിലെ മാലിന്യക്കുഴിയില്‍ മൃതദേഹം തള്ളി. ഇതിനുമുകളില്‍ മണ്ണും മെറ്റലും എംസാന്‍ഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിര്‍മിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി

webdesk13: