തുഷാര്‍ ഗാന്ധി മാനസിക രോഗിയാണ്, തലച്ചോറും നാവും അര്‍ബന്‍ നക്‌സലൈറ്റുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വെച്ചു; വീണ്ടും അധിക്ഷേപിച്ച് ബിജെപി

ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ വീണ്ടും അധിക്ഷേപിച്ച് ബിജെപി. തുഷാര്‍ ഗാന്ധി മാനസിക രോഗിയാണ്, തലച്ചോറും നാവും അര്‍ബന്‍ നക്‌സലൈറ്റുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വെച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.’മഹാത്മാഗാന്ധിയെയും ഗോപിനാഥന്‍ നായരെയും അപമാനിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കി’. തുഷാര്‍ ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും എസ്.സുരേഷ് പറഞ്ഞു.

എന്നാല്‍ ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി. ‘ഭീഷണികളെ ഭയപ്പെടുന്നില്ല. ആര്‍എസ്എസിനെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസും കമ്മൂണിസ്റ്റ് പാര്‍ട്ടിയും ജാഗരൂഗരാവണം. തനിക്കെതിരായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങളെ, തന്നെ എതിര്‍ക്കുന്നവര്‍ മാനിക്കണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

ഇന്നലെ നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗം സംഘ്പരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാര്‍ ഗാന്ധിയുടെ വാഹനം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഗാന്ധിമണ്ഡലം പ്രവര്‍ത്തകരോട് തട്ടിക്കയറി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തുഷാര്‍ ഗാന്ധി നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു.’ഗാന്ധിജി കീ ജയ് ‘എന്ന് വിളിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

webdesk18:
whatsapp
line