തുര്‍ക്കി സൂപ്പര്‍ ലീഗ് ഫുട്ബോളിനിടെ റഫറിയുടെ മുഖത്തിടിച്ച സംഭവത്തില്‍ അങ്കാറഗുചു ക്ലബ് മുന്‍ പ്രസിഡന്റ് ഫാറുക് കൊചയ്ക്ക് ആജീവനാന്ത വിലക്ക്. ടര്‍ക്കിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് നടപടിയെടുത്തത്. സംഭവത്തില്‍ അങ്കാറഗുചു ക്ലബ്ബിന് പിഴയും ചുമത്തി. ക്ലബ്ബിന്റെ അടുത്ത 5 ഹോം മത്സരങ്ങള്‍ അടച്ചിട്ട ഗ്രൗണ്ടില്‍ നടത്താനും നിര്‍ദേശമുണ്ട്.
സമാധാനവും സാഹോദര്യവുമാണ് കായികവിനോദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കായികത്തിന് അക്രമവുമായി പൊരുത്തപ്പെടാനാവില്ലെന്ന് സംഭവത്തില്‍ തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. അതിനിടെ ഉര്‍ദുഗാന്റെ എ.കെ.പി. പാര്‍ട്ടിയില്‍നിന്നും ഫാറുക് കൊച രാജിവെച്ചതായാണ് വിവരം. വിവാദങ്ങള്‍ക്കു പിന്നാലെ ക്ലബ് പ്രസിഡന്റ് പദത്തില്‍നിന്ന് രാജിവെച്ചിരുന്നു.
കഴിഞ്ഞ ദിവസം കയ്കുര്‍ റിസെസ്പൊറിനെതിരായ സൂപ്പര്‍ലീഗ് മത്സരത്തിനിടെയാണ് ഫാറുക് കൊച, റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റഫറി ഗ്രൗണ്ടില്‍ വീണു. അങ്കാറഗുചുവിനെതിരേ റിസെസ്പൊര്‍ ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ഗോളടിച്ചതാണ് ഫാറുകിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ഫാറുകിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.