അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്‍ദുഗാന്‍ വിമര്‍ശിച്ചത്. ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത സൈനികരെ നെതന്യാഹു അഭിനന്ദിച്ചതിനു പിന്നാലെയാണ് ഉര്‍ദുഗാന്റെ വിമര്‍ശനം.
‘നെതന്യാഹു, നിങ്ങള്‍ ഒരു കൈയേറ്റക്കാരനാണ്. അതേ സമയം, നിങ്ങള്‍ ഒരു തീവ്രവാദിയുമാണ്. നിങ്ങള്‍ ഫലസ്തീന്‍ ജനതക്ക് നേരെ നടത്തി ക്രൂരതക്ക് ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ല. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഇസ്രാഈലികള്‍ പോലും സംതൃപ്തരല്ല’. ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈല്‍ ആക്രമണത്തിന് പിന്നാലെ മനുഷ്യത്വമില്ലാത്ത നടപടിയെന്ന് പ്രഖ്യാപിച്ച് ഉര്‍ദുഗാന്‍ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. സൈന്യം നടത്തിയ ആക്രമണത്തെ അനുമോദിച്ചാണ് നെതന്യാഹു രംഗത്തെത്തിയത്. ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ചപ്പോള്‍ സൈന്യം നടത്തിയത് മാതൃകാപരമായ നടപടിയെന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. രാജ്യത്തിന്റെ സുരക്ഷ അവര്‍ ഉറപ്പാക്കി. ജനങ്ങളെ അവര്‍ സംരക്ഷിക്കുകയായിരുന്നു എന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.