അന്‍കാര: ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ട് തുര്‍ക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിപ്പ് എര്‍ദോഗന്‍. മുമ്പ് തന്നെ തുര്‍ക്കി അവരുടെ അഭിഭാഷകനെ പാരിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരിക്കുന്നത്. കുവൈത്ത്, ഖത്തര്‍, സൗദി എന്നിവിടങ്ങളില്‍ ഫ്രഞ്ച് ഉല്‍പ്പനങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചിട്ടുണ്ട്.
ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്.
ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു.
മധ്യേഷ്യയിലെ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ഫ്രഞ്ച് ചരക്കുകള്‍ ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശവുമായി മക്രോണ്‍ രംഗത്തെത്തിയിരുന്നത്. കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്‍ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്‍ കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.